സ്നേഹത്തണലിൽ ‘ഹർഷം’

പൈനാവ് : കരുതലും സ്നേഹവും പങ്കുവെച്ച് ഒരുമിച്ചിരുന്ന മുന്നൂറോളം കുട്ടികൾ. ഇടുക്കി ഗവ.എൻജിനിയറിങ് കോളേജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബായ ‘ഒയാസിസ്’ ഒരുക്കിയ ‘ഹർഷം’ വാർഷിക സ്നേഹക്കൂട്ടായ്മ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് സമ്മാനിച്ചത് വേറിട്ടൊരു അനുഭവം.ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളും കോളേജ് വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്നപ്പോൾ പരിപാടി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി.

കുട്ടികളുടെ ചിരിയും കലാപരിപാടികളും നിറഞ്ഞ അന്തരീക്ഷത്തിൽ ഒരുദിവസം മുഴുവൻ ആഘോഷമായി.

പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന പ്രൊഫ. സുധിൻ എസ്. അധ്യക്ഷത വഹിച്ചു. റോയ് കെ.പൗലോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എ.ഡി.എം. മിനി കെ.ജോൺ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.ഒയാസിസ് സ്റ്റാഫ് അഡ്വൈസർ പ്രൊഫ. പ്രിൻസ് വി.ജോസ് സ്വാഗതവും കൺവീനർ എബിൻ മാത്യൂസ് ജോൺ നന്ദിയും പറഞ്ഞു.

സബ് കൺവീനർ ദാനിയ ഒ.വി., ചൂർണി ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി കലേഷ് സി.ജി.,ഡോ. മുബാറക്ക് എ.കെ., റൈസുദ്ധീൻ എസ്., ആശിഷ് എസ്., യൂണിയൻ വൈസ് ചെയർപേഴ്സൺ സഫ മീര എന്നിവർ സംസാരിച്ചു.