പുറമേ നോക്കിയാൽ തരക്കേടില്ല; അകത്തോ, അതിദയനീയം

നെടുങ്കണ്ടം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ശോച്യാവസ്ഥയിൽ
നെടുങ്കണ്ടം : ഒരു മഴ പെയ്താൽ കുടചൂടിയും കടയ്ക്കുള്ളിൽ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിനടിയിൽ ഇരുന്നും കച്ചവടം ചെയ്യേണ്ട ദുരവസ്ഥയിലാണ്, നെടുങ്കണ്ടം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കിഴക്കേ കവലയിലുള്ള ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികൾ.
1983-ൽ തറക്കല്ലിട്ട കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താതെ ശോചനീയാവസ്ഥയിലാണ്. മുൻപ് കേരളബാങ്ക് ഉൾപ്പെടെ ഇരുപതോളം വ്യാപാരസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിച്ചിരുെന്നങ്കിലും, നിലവിൽ നാമമാത്രമായ സ്ഥാപനങ്ങളാണ് കെട്ടിടത്തിലുള്ളത്. കേരളബാങ്കടക്കം അവിടെനിന്ന് മാറ്റി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥമൂലം പലരും ഇവിടെനിന്ന് വ്യാപാരം മതിയാക്കി ഒഴിഞ്ഞുപോയി.
വർഷങ്ങൾക്കുമുൻപ് പേരിനുമാത്രമാണ് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് വ്യാപാരികൾ പറയുന്നു. കെട്ടിടത്തിന്റെ പലഭാഗത്തും കോൺക്രീറ്റിനുള്ളിലെ വാർക്കക്കമ്പി തുരുമ്പെടുത്തതോടെ പലയിടത്തും കോൺക്രീറ്റ് പാളികളായി അടർന്നുവീണിട്ടുമുണ്ട്.
പ്രധാന തൂണുകളിലുൾപ്പെടെ വിള്ളലുകൾ വീണതോടെ മഴവെള്ളം വ്യാപാരസ്ഥാപനങ്ങൾക്കുള്ളിൽവരെ എത്തുന്നുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗത്താകട്ടെ, മരങ്ങളും ചെടികളും ആഴത്തിൽ വളർന്നുകഴിഞ്ഞു. അറ്റകുറ്റപ്പണികൾക്കായി നിരവധിതവണ ആവശ്യപ്പെട്ടിട്ടും, പഞ്ചായത്തധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
കെട്ടിടത്തിന്റെ പലഭാഗങ്ങളും വൃത്തിയാക്കാതെ മാലിന്യം തള്ളിയ നിലയിലുമാണ്. സ്ഥാപനങ്ങളിലെത്തുന്നവരുടെ തലയിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് അപായമുണ്ടാകുന്നതിനുമുൻപേ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 10 ലക്ഷം രൂപ നീക്കിവച്ചെങ്കിലും, ഒന്നും ചെയ്തിട്ടില്ല.