ഏലം കർഷകർ പറയുന്നു; മഴയില്ലെങ്കിൽ പണിപാളും

കട്ടപ്പന : ജില്ലയിൽ ചൂട് വർധിച്ചതോടെ ഏലം കർഷകർ ആശങ്കയിൽ. നവംബർ, ഡിസംബർ മാസങ്ങളിലേതിന് സമാനമായ കാലാവസ്ഥ സെപ്റ്റംബർ പാതിയിൽ തന്നെ എത്തിയതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. നിലവിൽ 24 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാണ് ഹൈറേഞ്ചിൽ ചൂട്. വേനൽ മഴയിലുണ്ടായ കുറവ് ജില്ലയിലെ ഏലം ഉത്പാദന കേന്ദ്രങ്ങളായ കരുണാപുരം, നെടുങ്കണ്ടം, വണ്ടൻമേടിന്റെ ഏതാനും പ്രദേശങ്ങൾ, മാലി, സ്വർണവിലാസം, മേപ്പാറ, ചേറ്റുകുഴി, ചക്കുപള്ളം, അണക്കര, തൂക്കുപാലം, രാമക്കൽമേട്, പാമ്പാടുംപാറ, പുല്ലുമേട്, പുളിങ്കട്ട തുടങ്ങിയ പ്രദേശങ്ങിൽ കൃഷി നശിക്കുന്നതിന് കാരണമായിരുന്നു.
പിന്നാലെ കാലവർഷത്തിൽ ഉണ്ടായ കുറവും കർഷകർക്ക് തിരിച്ചടിയായി. ഇടക്കാലത്ത് ന്യൂനമർദത്തെ തുടർന്ന് ലഭിച്ച മഴയാണ് പിന്നീട് കർഷകരിൽ പ്രതീക്ഷ ഉണർത്തിയത്. എന്നാൽ, മഴ മാറിയതിന് പിന്നാലെ ചൂടു കൂടിയത് ഏറെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. നിലവിൽ ജലസേചന സൗകര്യം കുറഞ്ഞ ചെറുകിട തോട്ടങ്ങളിലെ ഏലച്ചെടികൾക്ക് കായപിടിത്തം ഏറെ കുറഞ്ഞ അവസ്ഥയിലാണ്. മികച്ച ജലസേചന സൗകര്യവും മരങ്ങളുടെ ശിഖരം മുറിക്കാതിരുന്ന തോട്ടങ്ങളിലുമാണ് നിലവിൽ ഉത്പാദനം ഉള്ളത്.
ചെറുകിട തോട്ടങ്ങളിലെ ഏലം വിളവെടുപ്പ് കാലത്തിനിടയിലെ ഇടവേളയും വർധിച്ചിട്ടുണ്ട്. വിളവെടുപ്പുകൾ തമ്മിലുള്ള ശരാശരി വിടവ് സാധാരണയായി 55-60 ദിവസം വരെയാണ്.
നിലവിൽ വിളവെടുപ്പിനുള്ള ഇടവേള 85-90 ദിവസമായി ഉയർന്നു. പൂവിട്ട ശേഷം കായ വിളയാനുള്ള സമയമാണ് ഏറെ വർധിച്ചത്.
ജലസേചനത്തിന് വോൾട്ടേജില്ല
ചൂടുകൂടിയതോടെ കരിഞ്ഞുതുടങ്ങിയ കൃഷിക്ക് ജലസേചനം നടത്താം എന്ന് കർഷകർ വിചാരിച്ചാൽതന്നെ വോൾട്ടേജ്ക്ഷാമം തിരിച്ചടിയാകുന്നുണ്ട്.
പഴയ കൊച്ചറ ഭാഗത്ത് മുൻ വർഷങ്ങളിൽ വോൾട്ടേജ് ക്ഷാമംമൂലം ജലസേചനം നടത്താൻ കഴിയാതെ വിളകൾ കരിഞ്ഞുപോയിരുന്നു.
പതിവിൽനിന്ന് വിപരീതമായി ഇത്തവണ മാസങ്ങൾക്ക് മുൻപേ വോൾട്ടേജ് ക്ഷാമം അനുഭവപ്പെട്ടത് കർഷകരെ വീണ്ടും ഭീതിയിലാഴ്ത്തി.
ജലസേചനം കാര്യക്ഷമമായില്ലെങ്കിൽ ഏലം ഉൾപ്പെടെയുള്ള കൃഷികൾ ഉണങ്ങി നശിക്കും. പകൽ സമയത്ത് ഉൾപ്പെടെ ലൈനിൽ 110 വോൾട്ടിൽ താഴെയാണ് വോൾട്ടേജ് ഉള്ളത്. മുൻവർഷങ്ങളിൽ വോൾട്ടേജ്ക്ഷാമം രൂക്ഷമായതോടെ കർഷകരിൽ പലരും ജനറേറ്റർ ദിവസ വാടകയ്ക്ക് എടുത്ത് കാർഷിക വിളകൾക്ക് ജലസേചനം നടത്തിയിരുന്നു.
എന്നാൽ, പവർ കൂടിയ പമ്പും എ.സി.യും തുടർച്ചയായി ഉപയോഗിക്കുമ്പോൾ ലോഡ് കൂടുതലാണെന്നും വൈദ്യുത വാഹനങ്ങൾ ഉൾപ്പെടെ റീചാർജ് ചെയ്യുന്നതും വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർധിച്ചത് വോൾട്ടേജ് ക്ഷാമത്തിന് കാരണമായെന്നുമാണ് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്.