ഫിറ്റാകാതെ ഫിറ്റ്നസ് സെന്റർ

ഉപ്പുതറ : വനിതകൾക്കും വയോജനങ്ങൾക്കുമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫിറ്റ്നസ് സെന്ററുകൾ പഞ്ചായത്തുകളുടെ അലംഭാവംമൂലം പൂട്ടിക്കിടക്കുന്നു. 2023-24 സാമ്പത്തികവർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ സ്വപ്ന പദ്ധതിയാണ് പഞ്ചായത്തുകളുടെ നിസ്സഹകരണവും നിസ്സംഗതയും കാരണം പാഴാകുന്നത്.

ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി അനുവദിച്ചിരുന്നത്. ഇതിൽ ഇരട്ടയാറിലും കാഞ്ചിയാറിലും വയോജനങ്ങൾക്കായും അയ്യപ്പൻകോവിലിലും ഉപ്പുതറയിലും വനിതകൾക്കായും സെന്ററുകൾ അനുവദിച്ചു. ഓരോ പഞ്ചായത്തിനും അഞ്ചുലക്ഷം രൂപ വീതമുള്ള ഉപകരണങ്ങളും ബ്ലോക്ക് പഞ്ചായത്ത് നൽകിയിരുന്നു. എന്നാൽ, നിലവിൽ ഇരട്ടയാർ പഞ്ചായത്തിൽ മാത്രമാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്.

പ്രവർത്തനരഹിതമായി സെന്ററുകൾ

കാഞ്ചിയാറിൽ ഏതാനുംനാൾ പ്രവർത്തിച്ചെങ്കിലും പരിശീലകയുടെ പ്രാവീണ്യക്കുറവുമൂലം ഉപകരണങ്ങൾ കേടാകുകയും തുടർന്ന് സെന്റർ പൂട്ടുകയുമായിരുന്നു.

വൈദ്യുതിയില്ലാത്തതിനെ തുടർന്ന് ഉപ്പുതറയിൽ പ്രതിഷേധം ഉയർന്നതോടെ പഞ്ചായത്ത് പ്രത്യേകം ഫണ്ട് വകയിരുത്തി.

വൈദ്യുതി ലഭ്യമാക്കി ഉദ്ഘാടനം നടത്തിയെങ്കിലും പരിശീലകയില്ലാത്തതിനാൽ പ്രവർത്തനം ആരംഭിച്ചില്ല. ഉപ്പുതറ പഞ്ചായത്തിലാകട്ടെ സെന്ററിനായി കെട്ടിടംപോലും ഇതേവരെ തയ്യാറാക്കിയിട്ടില്ല.

നിലവിൽ ഒരുമുറിയുടെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്.

അതേസമയം, പുതിയ പരിശീലകയെ നിയോഗിച്ച് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയമ്മ ജോസഫ് അറിയിച്ചു.