നിർമലം കാംപെയ്ൻ വാർഡുതല ശുചീകരണം ആരംഭിച്ചു

തൊടുപുഴ : അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനംവരെ നീണ്ടുനിൽക്കുന്ന നിർമലം പുതുയുഗ ശുചിത്വ കേരളം കാംപെയ്ന്റെ ഭാഗമായി തൊടുപുഴ നഗരസഭയിലെ വാർഡുകളിൽ ശുചീകരണം ആരംഭിച്ചു.
കോലാനി, അമരം കാവ്, മുനിസിപ്പൽ ക്വാർട്ടേഴ്സ് എന്നീ മൂന്ന് വാർഡുകളിലെ റെസിഡെൻസ് അസോസിയേഷൻ പ്രതിനിധികൾ, അധ്യാപകർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, നഗരസഭാ ശുചീകരണ ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ ചേർന്ന് കോലാനി ജങ്ഷൻ ശുചീകരിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ. ദീപക് ഉദ്ഘാടനം നിർവഹിച്ചു. ശുചീകരണ പ്രവർത്തനം നടത്തിയ കേന്ദ്രത്തിൽ പൂച്ചെടികൾവെച്ച് പിടിപ്പിച്ച് വാർഡ് തല നിർവഹണ സമിതി പരിപാലിക്കും. ഇത്തരത്തിൽ 38 വാർഡുകളിലും തുടർന്നുള്ള ദിവസങ്ങളിൽ പ്രവർത്തനം നടത്തുന്നതാണ്.
നഗരസഭാ പ്രദേശത്തെ 38 വാർഡുകളിലും ഓരോ കേന്ദ്രം കണ്ടെത്തി മാലിന്യം നീക്കി പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് കുറഞ്ഞത് 100 ദിവസമെങ്കിലും പരിപാലിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൗൺസിലർമാരായ ആർ. ഹരി, ഉഷാ എബി, ആർ. അജി ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ദേവസേനൻ, സജുകുമാർ, സൗമ്യ എസ്. നാഥ്, ശരത് എന്നിവർ നേതൃത്വം നൽകി.