ആശുപത്രി ജീവനക്കാരുടെ ഹൃദയത്തിന് കരുതലൊരുക്കി കുട്ടികൾ

ജില്ലാ ഹോമിയോ ആശുപത്രി ജീവനക്കാരെ ഏയ്‌റോബിക്‌സ് പരിശീലിപ്പിച്ച് മുട്ടത്തെ കുട്ടികൾ
മുട്ടം : ഹൃദയാരോഗ്യം സംരക്ഷിക്കാൻ ജില്ലാ ഹോമിയോ ആശുപത്രിയിലെ ജീവനക്കാർക്ക് മുട്ടം ഐ.എച്ച്.ആർ.ഡി. സ്‌കൂൾ ഹെൽത്ത് ക്ലബും മാതൃഭൂമി സീഡ് ക്ലബും സംയുക്തമായി എറോബിക്‌സ് പരിശീലനം നൽകി.
ആശുപത്രിയിലെ മുപ്പത് ജീവനക്കാർക്കൊപ്പം സ്‌കൂളിലെ 20 കുട്ടികളും ഫോളോ ദ ലീഡർ എന്ന മ്യൂസിക്കിനൊപ്പം ചുവടുവെച്ചു. മൂന്നരമിനിറ്റിൽ പരിശീലനം സ്വായത്തമാക്കിയ ജീവനക്കാർ അത് തുടർന്നു. രാവിലെ എട്ടുമണിക്കാരംഭിച്ച എറോബിക് പരിശീലനം 11-ന് പൂർത്തിയാക്കി. സ്‌കൂളിലെ ഹെൽത്ത് ക്ലബ്, സീഡ് ക്ലബ് കുട്ടികളെ അവരുടെ അധ്യാപകരാണ് എറോബിക്‌സ് പരിശീലിപ്പിച്ചത്. അത് ഇവർ എല്ലാ വ്യാഴാഴ്ചയും സ്‌കൂൾ അസംബ്ലിയിൽ എല്ലാകുട്ടികൾക്കും നൽകും. ആരോഗ്യദിനത്തിലും മറ്റ് പ്രധാനപ്പെട്ട ആരോഗ്യ പരിപാടികളിലും എറോബിക്‌സ് പരിശീലനം അംഗങ്ങൾ നൽകാറുണ്ട്.
അങ്ങനെയാണ് ജില്ലാ ഹോമിയോ ഓഫീസുമായി സഹകരിച്ച് പരിപാടി നടത്തിയത്.ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡോ. ജെറോം, പ്രിൻസിപ്പൽ ഹണി ജോസ്, എൻ.എസ്.എസ്. കോഡിനേറ്റർ ജീനാ ഫ്രാൻസിസ്, സീഡ് ക്ലബ് കോഡിനേറ്റർ റോസ‌്‌േമരി സണ്ണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.