തപോഗിരി തീർഥാടനം; ഇന്ന് കൊടിയിറങ്ങും

ഉപ്പുതറ : അമ്പലപ്പാറ തപോഗിരിയിലേക്ക് ആയിരക്കണക്കിന് ഭക്തരെത്തി. ഇരുമുടിക്കെട്ടുമേന്തി ഭജനകൾ പാടി അവർ മലകയറി. 12 ദിവസം നീണ്ടുനിന്ന തീർഥാടനത്തിന് ബുധനാഴ്ച രാവിലെ കൊടിയിറങ്ങും.

ചൊവ്വാഴ്ച പുലർച്ചെ രണ്ടുമുതൽ തീർഥാടകർ എത്തിത്തുടങ്ങി. ശ്രീശുഭാനന്ദ ഗുരുദേവൻ ആത്മബോധോദയത്തിനായി തപസ്സനുഷ്ഠിച്ചതിന്റെ 112-ാം വാർഷികവും നടത്തി. 41 ദിവസത്തെ വ്രതമനുഷ്ഠിച്ചാണ് സ്ത്രീകളും പുരുഷന്മാരും തീർഥാടനത്തിനെത്തിയത്. ഗുരുദേവൻ തപസ്സനുഷ്ഠിച്ച പുന്നമരച്ചുവട്ടിലും കല്ലമ്പലത്തിലും പ്രാർഥിച്ച് ദക്ഷിണ സമർപ്പിച്ചശേഷം ഭക്തർ സർപ്പത്തിന് പാലൂട്ട് നടത്തി. പ്രധാന മന്ദിരത്തിൽ പള്ളിക്കെട്ടും കാണിക്ക സമർപ്പണവും നടന്നു. രാത്രി ഭജനകളിൽ പങ്കെടുത്തശേഷം ഭക്തർ ബുധനാഴ്ച പുലർച്ചെ മലയിറങ്ങും.

തീർഥാടന സമ്മേളനം ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാമി സൂക്ഷ്മാനന്ദ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.