ഞാറ്റുപാട്ടിന്റെ ഭാഷമാറി; താളത്തിന് മാറ്റമില്ല

വണ്ണപ്പുറം : കാലം മാറുമ്പോൾ വയലുകളിലെ കാഴ്ചകളും ശബ്ദങ്ങളും മാറുകയാണ്. ഒരുകാലത്ത് മലയാളിത്തനിമയുള്ള ഞാറ്റുപാട്ടുകൾ താളംപിടിച്ചിരുന്ന നെൽവയലുകളിൽ ഇന്ന് ഹിന്ദിയുടെയും ബംഗാളിയുടെയും ഈണങ്ങൾ. ഞാറുനടീലിന്റെ താളത്തിനൊപ്പം ഉയർന്നിരുന്ന മലയാളിയുടെ നാടൻപാട്ടുകൾക്ക് പകരം അതിഥിത്തൊഴിലാളികളുടെ ഭാഷകളിലുള്ള പാട്ടുകളാണ് ഇപ്പോൾ പല വയലുകളിലും മുഴങ്ങുന്നത്.
തൊഴിലാളിക്ഷാമം രൂക്ഷമായതോടെ പലയിടങ്ങളിലും നെൽകൃഷി തന്നെ നിലച്ചുപോയി. കൃഷി തുടരുന്ന ചിലയിടങ്ങളിൽ കുടുംബശ്രീ പ്രവർത്തകരാണ് ഞാറുനടീൽ ഉൾപ്പെടെയുള്ള ജോലികൾ ഏറ്റെടുക്കുന്നത്. എന്നാൽ ഇവരുടെ സേവനവും ആവശ്യത്തിന്, കൃത്യസമയത്ത് ലഭിക്കണമെന്നില്ല. ഇതോടെ നെൽകൃഷിയുടെ അവിഭാജ്യഘടകമായിരുന്ന ഞാറുനടീലിലും അതിഥിത്തൊഴിലാളികൾ സജീവ സാന്നിധ്യമായി മാറി.
വണ്ണപ്പുറം മാർ സ്ലീവാ പള്ളിക്ക് സമീപമുള്ള കുഴലനാട്ടു മോളിയുടെ വയലിൽ കഴിഞ്ഞ ദിവസം കണ്ടത് ഈ മാറ്റത്തിന്റെ നേർക്കാഴ്ചയാണ്. വയലിൽ നിരനിരയായി നിന്ന് ഞാറുനടുന്ന അതിഥിത്തൊഴിലാളികൾ വേഗത്തിലും കൃത്യതയിലും ഒട്ടും പിന്നിലല്ല. ഞാറുകൾ തമ്മിലുള്ള അകലവും വരികളുടെ ക്രമവും കൃത്യമായി പാലിച്ചുള്ള ഇവരുടെ നടീൽ കാണികൾക്ക് കൗതുകക്കാഴ്ചയായി .
ഒരുകാലത്ത് ഞാറ്റുപാട്ടിന്റെ ഈണത്തിനൊപ്പം കൈകൾ ചലിപ്പിച്ചിരുന്ന മലയാളി കർഷകത്തൊഴിലാളികൾക്ക് പകരം ഇന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് വയലുകളിൽ സജീവം. ഭാഷ മാറി, പാട്ടിന്റെ ഈണം മാറി; പക്ഷേ, മണ്ണിൽ പൊന്നുവിളയിക്കാനുള്ള അധ്വാനത്തിന്റെ താളത്തിന് മാത്രം മാറ്റമില്ല.
കാലം കവർന്നത് ഞാറ്റുപാട്ടിന്റെ ഈണം മാത്രമല്ല, ഗ്രാമീണ കാർഷിക സംസ്കാരത്തിന്റെ ഒരു ഭാഗംകൂടിയാണ്. എങ്കിലും, മാറുന്ന കാലത്തിനൊപ്പം വയലുകളിൽ അധ്വാനത്തിന്റെ പുതിയ ഈണങ്ങൾ പിറക്കുകയാണ്.