പഞ്ചായത്ത് സ്ഥലം കൈയേറി കെട്ടിടം നിർമിച്ചതായി പരാതി

ചെറുതോണി : കഞ്ഞിക്കുഴി ടൗണിൽ കുരിശുപള്ളിക്കുസമീപം പഞ്ചായത്ത് സ്ഥലം കൈയേറി സ്വകാര്യവ്യക്തി കെട്ടിടം നിർമിച്ചതായി പരാതി.
സംഭവം വിവാദമായതോടെ കെട്ടിടത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഉടമയ്ക്ക് രേഖകൾ സമർപ്പിക്കാനായില്ലെന്നാണ് വിവരം.
നിർമാണത്തിനുള്ള പെർമിറ്റും നിരാക്ഷേപ പത്രവും (എൻ.ഒ.സി.) ഹാജരാക്കിയിട്ടില്ല. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് 444.28 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതായി കണ്ടെത്തി. എന്നാൽ, പഞ്ചായത്ത് രേഖകൾ പ്രകാരം കെട്ടിടത്തിന്റെ വിസ്തീർണം 196.05 ചതുരശ്ര മീറ്ററാണ്. ഇതനുസരിച്ച് 248.23 ചതുരശ്രമീറ്റർ അധികമായി നിർമിച്ചതായും നിർമാണം അനധികൃതമാണെന്നും എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകി. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 235 ഡബ്ല്യു വകുപ്പ് പ്രകാരം അനധികൃത നിർമാണത്തിന്റെ പരിധിയിൽവരുന്നതാണ് കെട്ടിടമെന്ന് അധികൃതർ പഞ്ചായത്തിനെ അറിയിച്ചു.തുടർന്ന് അടിയന്തരമായി ചേർന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ചചെയ്തു. കെട്ടിടം പൊളിച്ചുനീക്കണമെന്ന നടപടിയോട് ചില അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ വിഷയം കൂടുതൽ വിവാദമായി. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ 31-ന് ചേർന്ന കമ്മിറ്റി തുടർനടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കോടികൾ വിലമതിക്കുന്ന പഞ്ചായത്ത് സ്ഥലം സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയതിനു പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുടെ അറിവോടെയും അനുമതിയോടെയുമാണ് നിർമാണം നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി അനധികൃത നിർമാണത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.