തലയ്ക്കുമീതെ ചാഞ്ഞ് ദുരന്തം...

തൊമ്മൻകുത്ത് : നെയ്യശ്ശേരി–തോക്കുമ്പൻ റോഡിന്റെ ഭാഗമായ തൊമ്മൻകുത്ത്-നാരങ്ങാനം റോഡരികിൽ കൂറ്റൻ ആഞ്ഞിലി അപകടഭീഷണിയാകുന്നു.
റോഡ് നിർമാണത്തിനായി മുൻപ് മണ്ണ് നീക്കംചെയ്തിരുന്നു. ഇതോടെ ആഞ്ഞിലിയുടെ അടിവേര് ഇളകി ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് നിന്നിരുന്നത്.
മണ്ണ് നീക്കംചെയ്തതോടെ ആഞ്ഞിലി മൺതിട്ടയുടെ മുകളിലായി.
മരത്തിന്റെ ഒരു വശത്തെ വേരും മുറിഞ്ഞിട്ടുണ്ടായിരുന്നു. തിങ്കളാഴ്ചത്തെ മഴയിൽ ചുവട്ടിലെ മണ്ണ് കൂടുതൽ ഇടിഞ്ഞ് റോഡിലേക്ക് പതിച്ചതോടെ അപകടസാധ്യത വർധിച്ചിരിക്കുകയാണ്.
ഹൈറേഞ്ചിൽനിന്നും തിരിച്ചുമായി നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പ്രധാന റോഡാണിത്. മരം അടിയന്തരമായി മുറിച്ചുമാറ്റി അപകടം ഒഴിവാക്കിയില്ലെങ്കിൽ വൻ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
എവിടെ ദുരന്തനിവാരണ അതോറിറ്റി?
റോഡരികിലെ ആഞ്ഞിലി വനംവകുപ്പിന്റെ അധീനതയിലുള്ളതാണെന്നാണ് നാട്ടുകാർ പറയുന്നത്. അറുപത് വർഷത്തിലേറെയായി ഇവിടെ കർഷകർ താമസിക്കുന്നുണ്ടെങ്കിലും ചുരുക്കംചിലർക്കുമാത്രമാണ് പട്ടയം ലഭിച്ചിട്ടുള്ളത്.
മരം നിൽക്കുന്നത് പട്ടയഭൂമിയിലല്ലാത്തതിനാൽ മുറിച്ചുമാറ്റാൻ വനംവകുപ്പ് അനുമതി നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ഉത്തരവിറക്കുന്നതിൽ കാണിക്കുന്ന ശുഷ്കാന്തി, മനുഷ്യജീവന് ഭീഷണിയായി നിൽക്കുന്ന ഇത്തരം മരങ്ങളുടെ കാര്യത്തിലും ദുരന്തനിവാരണ അതോറിറ്റി കാണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തരമായി അധികൃതർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം.
ഇല്ലെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകും.