ഇത്തവണയുമില്ല, കമ്പംമെട്ടിലെ ശബരിമല ഇടത്താവളം

നെടുങ്കണ്ടം : മണ്ഡലകാല തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ തമിഴ്നാട് അതിർത്തിഗ്രാമമായ കമ്പംമെട്ടിലെ ശബരിമല ഇടത്താവളം ഇത്തവണയും യാഥാർഥ്യമായില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും താത്കാലിക ക്രമീകരണങ്ങളുടെ കുറവുംമൂലം ഇത്തവണയും അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തരുടെ യാത്ര കഠിനമാകും.
മണ്ഡല-മകരവിളക്ക് സീസണിൽ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് തീർഥാടകരാണ് കമ്പംമെട്ട് വഴി മലകയറാനെത്തുന്നത്. തിരക്ക് വർധിക്കുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ കമ്പംമെട്ട് വഴി തിരിച്ചുവിടുന്നതും തമിഴ്നാട്ടിൽനിന്നുള്ള വാഹനപ്രവേശം കമ്പംമെട്ടിലൂടെ മാത്രമായി ക്രമീകരിക്കുന്നതും പതിവാണ്.
ഇവിടത്തെ തിരക്ക് കണക്കിലെടുത്ത് സ്ഥിരം ഇടത്താവളം നിർമിക്കാൻ 2019-ലെ സംസ്ഥാന ബജറ്റിൽ നാലുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് പദ്ധതി മുടങ്ങി. തുടർന്ന് കരുണാപുരം പഞ്ചായത്ത് മുൻകൈയെടുത്ത് കമ്യൂണിറ്റിഹാളിനു സമീപം വ്യക്തി വിട്ടുനൽകിയ 20 സെന്റ് ഉൾപ്പെടെ 65 സെന്റ് സ്ഥലം വാങ്ങി രജിസ്ട്രേഷൻ പൂർത്തിയാക്കി. 2022-ൽ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഇതുവരെയും ഇതിനായുള്ള ഫണ്ട് അനുവദിച്ചിട്ടില്ല.
കരുണാപുരം കമ്യൂണിറ്റിഹാളിൽ പരിമിതമായ ശൗചാലയങ്ങളാണുള്ളത്. പരാതികൾ ഉയരുമ്പോൾ പഞ്ചായത്ത് സ്വന്തം ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന താത്കാലിക ശൗചാലയങ്ങളാണ് ഏക ആശ്വാസം.
വിരി വയ്ക്കാനും പാർക്കിങ്ങിനും സൗകര്യമില്ല
ഭക്തർക്ക് വിശ്രമിക്കാനും വിരി വയ്ക്കാനും സ്ഥലമില്ലാത്തത് വലിയ പ്രതിസന്ധിയാണ്. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ വഴിയരികിൽ പാർക്കുചെയ്യുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു.
മാലിന്യസംഭരണം
ഇടത്താവളമായി ഉപയോഗിക്കുന്ന കമ്യൂണിറ്റിഹാൾ കെട്ടിടത്തിൽ തന്നെയാണ് ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും സംഭരിച്ചിട്ടുള്ളത്. ഇത് ഭക്തർക്ക് വലിയ ആരോഗ്യപ്രശ്നങ്ങളും ദുരിതവും സൃഷ്ടിക്കുന്നു.
അയ്യപ്പസേവാസംഘം, പോലീസ്, വിവിധ വകുപ്പുകൾ എന്നിവരുടെ സഹകരണത്തോടെയാണ് നിലവിൽ ഓരോ മണ്ഡലകാലത്തും പഞ്ചായത്ത് താത്കാലിക സൗകര്യം ഒരുക്കുന്നത്. എന്നാൽ ഭക്തരുടെ ഒഴുക്ക് കണക്കിലെടുത്ത് കമ്പംമെട്ടിൽ അടിയന്തരമായി സ്ഥിരം ഇടത്താവള നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും തീർഥാടകരുടെയും ആവശ്യം.