മലങ്കര ടൂറിസം ഹബ്ബിന് ജീവൻ വയ്ക്കുന്നു

യോഗം വിളിച്ചുചേർക്കാൻ എം.എൽ.എ.യുടെ നിർദേശം

മുട്ടം : മലങ്കര ടുറിസം ഹബ്ബ് സഞ്ചാരികൾക്കായി തുറന്നുനൽകുന്നതിനും ടൂറിസം പദ്ധതിയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനുമായി അടിയന്തര ജനറൽ കൗൺസിൽ യോഗം വിളിച്ചു ചേർക്കാൻ അപു ജോൺ ജോസഫ് എം.എൽ.എ. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എം.എൽ.എ. വിളിച്ചുചേർത്ത നിയോജകമണ്ഡലത്തിലെ വാട്ടർ അതോറിറ്റി, എം.വി.ഐ.പി. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം എം.വി.ഐ.പി. എക്‌സി. എൻജിനീയർക്ക് നൽകിയത്.വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ് മൂന്നുകോടി മുടക്കി നിർമ്മിച്ച മലങ്കര ടുറിസം ഹബ്ബ്. ഇത് തുറക്കുന്നതിന് നിലനിൽക്കുന്ന തടസ്സങ്ങളും പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളും യോഗത്തിൽ വിശദമായി ചർച്ചചെയ്യണമെന്നും എം.എൽ.എ. നിർദേശിച്ചു. കെട്ടിട നമ്പർ കിട്ടാത്തതിനാലാണ് ഹബ്ബ് തുറക്കാനാകാത്തത്. പ്രധാനമായും ഏഴ് അപാകങ്ങൾ പരിഹരിച്ചാൽ മാത്രമേ ഹബ്ബിന് പ്രവർത്തനാനുമതി നൽകാൻ സാധിക്കൂവെന്ന് മുട്ടം പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയുടെ എൻ.ഒ.സി. ഇനിയും കെട്ടിടത്തിന് ലഭിച്ചിട്ടില്ല. വാഹനങ്ങൾ പാർക്കിങ്, പാർക്കിങ് പ്ലാൻ, ഹബ്ബിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നും 7.5 മീറ്റർ ചുറ്റളവിൽ കുടിവെള്ള സ്രോതസ്സുകൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് എന്നിവയും ഹബ്ബ് അധികൃതർ നൽകേണ്ടതുണ്ട്. കെട്ടിട മുറികളുടെ വിസ്തീർണം തരംതിരിച്ചു നൽകാത്തതും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളായ സൗരോർജം, വാട്ടർ ഹീറ്റർ എന്നിവയില്ലാത്തതും പഞ്ചായത്ത് പോരായ്മകളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുക, കനാലുകളുടെ നവീകരണം എന്നിവ സംബന്ധിച്ച വിഷയങ്ങളും യോഗം ചർച്ചചെയ്തു.