ജയ്ഹിന്ദ് സാഹിത്യപുരസ്കാരംപ്രിയാ ജോസഫിന്

മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം തൊടുപുഴ സ്വദേശിയായ പ്രിയാ ജോസഫ് അർഹയായി. 2025 സെപ്റ്റംബറിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. കുന്നുമ്മേൽ കുടുംബം നൽകുന്ന പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
1991, 92 വർഷത്തെ ചെറുകഥയ്ക്കുള്ള ഗൃഹലക്ഷ്മി അവാർഡ്, 2022-ലെ സംസ്കൃതി സി.വി. ശ്രീരാമൻ അവാർഡ് എന്നിവയും ഇവർ നേടിയിട്ടുണ്ട് ജോലിസംബന്ധമായി അമേരിക്കയിലാണ് പ്രിയയുടെ താമസം. ജോൺ ഡ്രൈഡർ ട്രാൻസലേഷൻ കോമ്പറ്റീഷന്റെ ലോങ് ലിസ്റ്റിൽ മാണീം ഇന്ദിരാഗാന്ധീം ഇടം നേടി.
കഥാകൃത്തുക്കളായ അയ്മനം ജോൺ, പി.കെ. സുധി, സാഹിത്യനിരൂപകൻ പ്രൊഫസർ. വി. വിജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. 29-ന് തൊടുപുഴ ടൗൺ ഹാളിൽ ജയ്ഹിന്ദ് ലൈബ്രറി സംഘടിപ്പിച്ചിട്ടുള്ള ഏഴാമത് സംസ്ഥാന നാടകോത്സവം ഉദ്ഘാടന സമ്മേളനത്തിൽവെച്ച് നോവലിസ്റ്റ് വിനോദ് കൃഷ്ണ പുരസ്കാരം സമ്മാനിക്കും.