പൂപ്പാറയിൽ വൻ നിരോധിത പുകയില ശേഖരം പിടികൂടി

2,850 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
രാജാക്കാട് : പൂപ്പാറയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ. ഈരാറ്റുപേട്ട വലിയപാടംപറമ്പിൽ മുഹമ്മദ് യാസിൻ (34) ആണ് അറസ്റ്റിലായത്. മൂന്നാർ എ.എസ്.പിയുടെ പ്രത്യേക ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2,850 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പ്രതിയിൽനിന്ന് 37,600 രൂപയും പുകയില കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂരിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞതായി പോലീസ് പറഞ്ഞു. രാജാക്കാട് സ്വദേശി സുമേഷിന്റെ നിർദേശപ്രകാരം പൂപ്പാറയിലെ വ്യാപാരി ഈശ്വരന് കൈമാറാനാണ് ശേഖരം കൊണ്ടുവന്നതെന്നാണ് മൊഴി. മുൻപ് 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സുമേഷിനെ രാജാക്കാട് പോലീസ് പിടികൂടിയിരുന്നു. പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ഈശ്വരന്റെ പൂപ്പാറയിലെ കടയും ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അധികൃതർ പൊളിച്ചുമാറ്റിയിരുന്നു.
മൂന്നാർ എ.എസ്.പിയുടെ നിർദേശപ്രകാരം ദേവികുളം സി.ഐ കവി രാജ്, ശാന്തൻപാറ എസ്.എച്ച്.ഒ കെ.പി. അനിൽ കുമാർ, സി.പി.ഒമാരായ മഹേഷ് കെ.എം., ഗണേശൻ എം., അരുൺ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെങ്കിലും കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തവിതരണ ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.