കട്ടപ്പനയിലെ തിയേറ്ററുകളിൽ പരിശോധന

വിലവിവരപ്പട്ടികയില്ല, നഗരസഭയുടെ ലൈസൻസ് ഇല്ല; നിയമലംഘനത്തിന് പിഴയീടാക്കി
കട്ടപ്പന : തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരേ കട്ടപ്പനയിൽ പരിശോധന. സംസ്ഥാന വ്യാപകമായ നടപടികളുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, പോലീസ് എന്നീ വകുപ്പുകളുമായി ചേർന്ന് കട്ടപ്പന നഗരസഭയിലെ വിവിധ സിനിമാ തിയേറ്ററുകളിൽ പരിശോധന നടത്തി. ഉത്പന്നങ്ങളുടെ അളവും തൂക്കവും രേഖപ്പെടുത്താതെ വിലവിവരപട്ടിക പ്രദർശിപ്പിച്ചതിനും നഗരസഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതിനും ബില്ല് കൊടുക്കാതെ വിൽപ്പന നടത്തുന്നതിനും സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് നൽകി. അളവിൽ കുറച്ച് കാപ്പി വിൽപ്പന നടത്തിയതിന് ലീഗൽ മെട്രോളജി വകുപ്പ് കേസ് എടുക്കുകയും പിഴ ചുമത്തി. ജില്ലാ സപ്ലൈ ഓഫീസർ ജി. ബീനാഭദ്രൻ, താലൂക്ക് സപ്ലൈ ഓഫീസർ സജിമോൻ ജേക്കബ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ.എ. അബ്ദുള്ള, പോലീസ് സബ് ഇൻസ്‌പെക്ടർ സുനിൽ മാത്യു എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ നടത്തുമെന്നും ചൂഷണംചെയ്യുന്ന വ്യാപാരികൾക്കെതിരേ നടപടികളെടുക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.