മ്ലാമലയുടെ വികസനപാലങ്ങൾ

വണ്ടിപ്പെരിയാർ : പഞ്ചായത്തിലെ ഉൾഗ്രാമമായ മ്ലാമലയുടെ വികസനത്തിന് ഗുണംചെയ്യുന്ന രണ്ട് പാലങ്ങളുടെ നിർമാണം ഉടൻ തുടങ്ങും. തട്ടാപറമ്പൻ പാലം, മുസ്‌ലിം പള്ളിപ്പടി പാലം എന്നിവയുടെ നിർമാണമാണ് തുടങ്ങുന്നത്.

മ്ലാമല മുസ്ലീം പള്ളിപ്പടി പാലത്തിന് അഞ്ചുകോടി രൂപയും ലാൻട്രം റോഡിലെ തട്ടാപറമ്പൻ പാലത്തിന് രണ്ടുകോടി രൂപയുമാണ് ഡീൻ കുര്യാക്കോസ് എം.പി.യുടെ ശ്രമഫലമായി പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. നിർമാണത്തിനുള്ള സാധനസാമഗ്രികൾ വന്നുകഴിഞ്ഞു. 2027 മാർച്ച് 31-ന് മുമ്പ് നിർമാണം പൂർത്തീകരിക്കണം എന്നാണ് കരാർ.

ഇപ്പോൾ മൂന്നുമീറ്റർ വീതി മാത്രമേ ഈ പാലങ്ങൾക്കുള്ളൂ. പുതിയ പാലത്തിന് എട്ട് മീറ്റർ വീതിയുണ്ടാകും. പണിപൂർത്തിയാകുന്നതോടെ മ്ലാമലയുടെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

കൂടാതെ കൊട്ടാരക്കര- ഡിണ്ടിഗൽ, അടിമാലി- കുമളി ദേശീയപാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായി ഇത്‌ മാറുകയുംചെയ്യും.

പണിപൂർത്തീകരിക്കുന്നതോടെ വെള്ളാരംകുന്ന്, ചെങ്കര, മുങ്കിലാർ, മ്ലാമല, കീരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് താലൂക്ക് ആസ്ഥാനമായ പീരുമേട്ടിലെത്താൻ 20 കിലോമീറ്ററോളം ദുരം കുറയും. ശബരിമല സീസണിൽ പീരുമേടിനും കുമളിക്കും ഇടയിലുള്ള തിരക്ക് ഒഴിവാക്കാനും ഈ റോഡ് പ്രയോജനപ്പെടും. കുമളിയിൽനിന്ന് ഏലപ്പാറയിലെത്താനും എളുപ്പമാണ്. ഇത് തേക്കടിയിൽനിന്ന് വാഗമണ്ണിലേക്ക് പോകുന്ന സഞ്ചാരികൾക്കും അനുഗ്രഹമാകും.