ഈട്ടിത്തോപ്പിലെ ഡിസ്‌പെൻസറി മുന്നറിയിപ്പില്ലാതെ ഇരട്ടയാറിലേക്കുമാറ്റി

നെടുങ്കണ്ടം : ഈട്ടിത്തോപ്പ് ഹോമിയോ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം സംഘടിപ്പിച്ചു. 40 വർഷത്തിലധികമായി ഈട്ടിത്തോപ്പിൽ പ്രവർത്തിച്ചിരുന്ന ഡിസ്‌പെൻസറി മുന്നറിയിപ്പില്ലാതെ ഇരട്ടയാറിലേക്ക് മാറ്റിയത് നീതികരിക്കാനാവില്ല. ഡിസ്‌പെൻസറി ഈട്ടിത്തോപ്പിലേക്ക് തിരിച്ചെത്തിക്കുംവരെ സമരപരിപാടികളിൽനിന്നും പിന്മാറില്ലെന്ന് സർവകക്ഷി യോഗം വ്യക്തമാക്കി. അധികൃതർ വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വരുംദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസ് പിക്കറ്റിങ്, ഹർത്താൽ അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഈട്ടിത്തോപ്പ് നിവാസികളായ വയോജനങ്ങൾക്ക് അടക്കം അടിസ്ഥാന ചികിത്സ ലഭിക്കണമെങ്കിൽപോലും 10 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാൽ ഫിറ്റ്‌നസ് ഇല്ല എന്ന് പറഞ്ഞ് ഈട്ടിത്തോപ്പിൽനിന്നും മാറ്റിയ ഡിസ്‌പെൻസറി ഇപ്പോൾ ഇരട്ടയാറിൽ പ്രവർത്തിക്കുന്നതും ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടത്തിലാണെന്നും യോഗം കുറ്റപ്പെടുത്തി. ശ്രീകാന്ത് പേങ്ങാട്ടുതെക്കേൻ അധ്യക്ഷനായി.

കൺവീനർ ബെന്നി കുഴുകോടിയിൽ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിൻസൻ വർക്കി, സി.പി.എം. ഏരിയ കമ്മിറ്റി അംഗം പി.ബി. ഷാജി, ചെമ്പകപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സണ്ണി കെച്ചുപുര, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് അജിത്ത് കുമാർ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജോസുകുട്ടി മഠത്തിൽപറമ്പിൽ, എ.ഐ.വൈ.എഫ്. ജില്ല പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, ഈട്ടിത്തോപ്പ് വിജയമാതാ പള്ളിവികാരി ജോസഫ് പാറകടവിൽ, എസ്.എൻ.ഡി.പി. ശാഖായോഗം പ്രസിഡന്റ് രാജൻ വെള്ളാപ്പള്ളിയിൽ, പാസ്റ്റർ ബിനു ജോർജ് മേലേചിന്നാൻ, എൻ.എൻ.ഡി. പ്രസിഡന്റ് സജി പേഴത്തോലിയിൽ എന്നിവർ സംസാരിച്ചു.