ഹാവൂ... അത് ശരിക്കും തോടായി

തൊടുപുഴ : മാലിന്യങ്ങൾ കൂടിക്കിടന്ന് ഒഴുക്കുനിലച്ച മുതലിയാർമഠം വാർഡിലെ അട്ടക്കുളം കൈത്തോട് ശുചീകരിച്ചു. സമൂഹവിരുദ്ധർ മാലിന്യം തള്ളി തോട് വൃത്തികേടായി കിടക്കുകയായിരുന്നു. ഇതോടെ വാർഡ് കൗൺസിലർ ജിതേഷ് സി. ഇഞ്ചക്കാട്ട് നഗരസഭ ഹെൽത്ത് സ്ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തുകയും, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ തോട് പൂർണമായി വൃത്തിയാക്കി ഒഴുക്ക് പുനഃസ്ഥാപിക്കുകയുംചെയ്തു.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് നഗരസഭ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ തോടുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യംതള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വാർഡ് കൗൺസിലറെയോ നഗരസഭാ അധികാരികളെയോ വിവരം അറിയിക്കണമെന്നും അധികൃതർ പറഞ്ഞു.