മലയോരത്ത് പേമാരി

ഇടുക്കി : ഞായറാഴ്ച ജില്ലയിലെ മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം.
വട്ടവട കൊട്ടാക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിലേക്ക് മലയിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ വേലത്തുശ്ശേരിയിൽ സ്കൂട്ടറിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു.
കോട്ടയം ജില്ലയുടെ ഭാഗമായ കാര്യാട് ടോപ്പിൽ വൻ മലയിടിച്ചിലുണ്ടായി. അതിനാൽ വാഗമണ്ണിൽ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങിക്കിടക്കുകയാണ്. കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. വൈകീട്ട് അഞ്ചരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് തടസ്സം നീക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. വാഗമൺ കൈതപ്പതാലിൽ തോട് കരകവിഞ്ഞൊഴുകി ഒട്ടേറെ വീടുകളിൽ വെള്ളം കയറി. പലയിടത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വട്ടവട മേഖലയിൽ ഉച്ച കഴിഞ്ഞപ്പോൾത്തന്നെ മഴ ശക്തിപ്പെട്ടിരുന്നു. വാഗമൺ, പീരുമേട് പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. മണിക്കൂറുകളോളം ശക്തി കുറഞ്ഞില്ല. രാത്രിയിലും ശമിച്ചിട്ടില്ല.