കാട്ടാനയ്ക്ക് എന്ത് രാത്രിയും പകലും...

പകലും രാത്രിയും കാട്ടാന എത്തും

‌ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു

വണ്ടിപ്പെരിയാർ : കാട്ടിലേക്ക് കയറിപ്പോകാത്ത കാട്ടാനകൾ. ഗ്രാമ്പി, രാജമുടി, അപ്പാവുകണ്ടം, ധർമാവാലി, തൊമ്മൻ കോളനി പേടിപ്പിക്കുകയാണ് ഇവ. നാളുകളായി ഇതാണ് അവസ്ഥ.

ഏക്കറുകണക്കിന് ഏലം, വാഴ, കമുക് തുടങ്ങിയ കൃഷികൾ നശിപ്പിച്ചുകഴിഞ്ഞു. നാട്ടുകാർ ഭീതിയിലാണ്.

ധർമാവാലി പുതുവൽ ഭാഗത്ത് രാജൻ, അർപുതരാജ് ജോൺസൺ, അന്തോണി എന്നിവരുടെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം കയറി ചവിട്ടിമെതിച്ചു.

ലയങ്ങൾക്ക് അരികിലും

രാവെന്നോ പകലെന്നോ ഇല്ലാതെ ഇവിടെ കാട്ടനകൾ ഇറങ്ങുന്നുണ്ട്. നാട്ടുകാർ, വനംവകുപ്പുകാരെ വിവരം അറിയിക്കും. ഇവരെത്തി തുരത്തും. എന്നാൽ, ഉൾക്കാട്ടിലേക്ക് മടങ്ങിപ്പോകുന്നില്ല. അതാണ് പ്രശ്നം.

ഒരു ഭാഗത്തുനിന്ന് പോയാൽ മറുഭാഗത്ത് നാശം വിതയ്ക്കും. ഗ്രാമ്പിയിലൊക്കെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപവും കാട്ടാനകൾ വന്നു പോകുന്നു. ഇത് വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്.

എരുമേലി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി‌. രതീഷിന്റെ നേതൃത്വത്തിൽ വനപാലകസംഘം രാത്രിയും പകലും പട്രോളിങ് നടത്തുന്നുണ്ട്.

കൂടാതെ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങിൽ നാട്ടുകാരുടെ സഹായത്തോടെ താത്കാലിക സൗരോർജ വേലികളും സ്ഥാപിച്ചിട്ടുണ്ട്.