ഉരുളിന് സമാനമായ മണ്ണിടിച്ചിൽ വിറച്ച് പഴമ്പിള്ളിച്ചാൽ

#സലിം കുളത്തായി

ഒൻപത് കുടുംബങ്ങൾ ദുരിതാശ്വാസക്യാമ്പിൽ

അടിമാലി: അടിമാലിക്ക് സമീപമുള്ള പഴമ്പിള്ളിച്ചാൽ എന്ന ഗ്രാമം ഇപ്പോഴും ഭീതിയിലാണ്. ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായ ഇവിടെ ഒട്ടുമിക്ക വീടുകൾക്ക് മുകളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഞായറാഴ്ച രാത്രി ഇരച്ചെത്തിയ വെള്ളം വീട് തകർത്തെങ്കിലും ആളില്ലാത്തതിനാൽ രക്ഷപ്പെട്ടു. ഇനിയും ഇവിടെ എങ്ങിനെ ജീവിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. വീടുകൾക്ക് സമീപം നീർച്ചാലുകൾ രൂപപ്പെട്ടതും ഭീതിക്ക് കാരണമാണ്. ഇവിടത്തെ ഒൻപത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

പേടിപ്പെടുത്തുന്ന ചരിത്രം

:ഉരുൾപൊട്ടലുണ്ടായെന്ന് കേൾക്കുമ്പോൾ ഹൈറേഞ്ച് നിവാസികളുടെ മനസ്സിൽ ഓടിയെത്തുന്നത് അവിടെ 1997 ജൂലായ് 21-നുണ്ടായ ഭീകരമായ ഉരുൾപൊട്ടൽ ദുരന്തമാണ്. കേരളത്തെ നടുക്കിയ ഈ ദുരന്തത്തിൽ 16 മനുഷ്യജീവനുകളാണ് മണ്ണിനടിയിലായത്.

അന്നും ഇന്നുംസാഹചര്യം ഒന്ന്

:ഞായറാഴ്ചയും പഴയതിന് സമാനമായി ശക്തമായ മഴയും കാറ്റും ആയിരുന്നു. പഴമ്പിള്ളിച്ചാലിൽ ഉരുൾപൊട്ടലുണ്ടായെന്ന് കേൾക്കുമ്പോഴും രാത്രി ഒൻപതുമണിയായി. എത്തിച്ചേരാൻ ദുരിതമുള്ള പ്രദേശം. ശക്തമായ മഴയും കാറ്റും. രണ്ടരപ്പതിറ്റാണ്ട് മുൻപത്തേക്കാൾ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതലുള്ളതിനാൽ ഞായറാഴ്ച രാത്രിയുണ്ടായ ദുരന്തം ഉടൻതന്നെ കാട്ടുതീ പോലെ പരന്നു. ഒരുവീട് പൂർണമായും ഒലിച്ചുപോയി, മൂന്നുവീടുകൾ ഭാഗികമായി തകർന്നു. ആളപായമില്ല. അപകടഭീഷണിയെത്തുടർന്ന് ഒൻപത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പഴമ്പിള്ളിച്ചാൽ കല്ലുവെട്ടിക്കുഴി ഷാജിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീട്ടിൽ ആൾത്താമസം ഉണ്ടായിരുന്നില്ല. അപകടഭീഷണി നേരിടുന്ന കല്ലുവെട്ടാംകുഴി ഷാജി, ബിജു കണിയാംകുഴി, മോൺസി എന്നിവരുടെ കുടുംബങ്ങളെ പരിശകല്ല് സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. 21 പേർ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. മഴ ശക്തമായാൽ കൂടുതൽ പേരെ ക്യാമ്പിലേക്ക് മാറ്റുമെന്ന് റവന്യൂവകുപ്പ് അറിയിച്ചു. ഇരുമ്പുപാലം- പഴമ്പിള്ളിചാൽ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിട്ടുണ്ട്.

ഗതാഗതം ദുഷ്കരം

:ഞായറാഴ്ച വൈകീട്ട് മുതൽ ഇരുമ്പുപാലം, വാളറ മേഖലയിൽ ശക്തമായ മഴയാണ്. മഴ പാതിരാത്രിയോടെയാണ് ശമിച്ചത്. തിങ്കളാഴ്ച രാവിലെയും ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. റോഡിൽ പൂർണമായും കല്ലും ചെളിയും നിറഞ്ഞുകിടക്കുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ മറ്റൊരു വഴിയുമില്ലാത്തതിനാൽ പഴമ്പിള്ളിച്ചാൽ നിവാസികൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. ഉച്ചയോടെ മന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലത്തെത്തി. സ്ഥിതിഗതികൾ വിലയിരുത്തി. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആദ്യം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്‌ ഏതുസമയത്തും മഴയുണ്ടാകാമെന്ന അവസ്ഥയിൽ കാർമേഘങ്ങൾ ആകാശത്ത് ഉരുണ്ടുകൂടുന്നുണ്ട്.

1997-ലെ ദുരന്തത്തെ ഓർമ്മപ്പെടുത്തുന്ന അവസ്ഥയിലായിരുന്നു ഞായറാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിൽ എന്ന് പ്രദേശവാസിയായ മോൻസി പറയുന്നു. കുന്നിൻചെരിവുകളിൽ താമസിച്ചിരുന്ന സാധാരണക്കാരായ കർഷകരുടെ വീടുകൾക്ക് മുകളിലേക്കാണ് ഈ മണ്ണും ചെളിയും ഇരച്ചുകയറിയത്. ഒട്ടേറെ വീടുകൾ നിമിഷനേരം കൊണ്ട് തകരുകയും മണ്ണടിഞ്ഞുപോകുകയും ചെയ്തു. ഉറക്കത്തിൽനിന്നുണർന്ന് ഓടി രക്ഷപ്പെടാൻപോലും പലർക്കും സാധിച്ചില്ല. 16 പേരാണ് അന്ന് ചെളിക്കടിയിൽപ്പെട്ട് ശ്വാസംമുട്ടി മരിച്ചത്.