കണ്ടുപഠിക്കണം കട്ടപ്പനയെ; മാലിന്യം ഇനി വരുമാനമാകും

കട്ടപ്പന : മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ മാലിന്യം തരംതിരിച്ചും സംസ്കരിച്ചും വിറ്റഴിക്കാൻ പദ്ധതിയിട്ട് കട്ടപ്പന നഗരസഭാ ഭരണസമിതിയും ആരോഗ്യവിഭാഗവും. നിലവിൽ നഗരസഭാ ഹരിതകർമസേന വിറ്റഴിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ സ്വകാര്യ ഏജൻസികളെയാണ് ഏൽപ്പിക്കുന്നത്. ഇവർക്ക് കിലോയ്ക്ക് വിവിധതരം മാലിന്യങ്ങൾക്ക് ഏഴു മുതൽ എട്ടുരൂപ വരെ നൽകണം. എന്നാൽ ഇങ്ങനെ നൽകുന്ന മാലിന്യങ്ങൾ പണമാക്കി മാറ്റാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

പാഴ്വസ്തുക്കളുടെ മൂല്യം പണമാക്കി മാറ്റാം

പാഴ്വസ്തുക്കളുടെ വിതരണം ഏറെ ലാഭകരമെന്ന തിരിച്ചറിവാണ് മാലിന്യത്തിൽനിന്ന്‌ വരുമാനം ഉണ്ടാക്കാം എന്ന ചിന്തയിലേക്ക് നഗരസഭാ അധികൃതരെയും ഭരണസമിതിയിയെയും എത്തിച്ചത്. തുടർന്ന് മാലിന്യങ്ങളിൽനിന്നും ലഭിക്കുന്ന പാഴ്വസ്തുക്കളുടെ ഏകദേശ കണക്ക് ശേഖരിച്ചു. ഇരുമ്പ് വസ്തുക്കൾ, ചെമ്പ്, അലുമിനിയം, പ്ലാസ്റ്റിക് എന്നിവയുടെ മൂല്യം കണക്കാക്കി. ലഭിക്കുന്ന മാലിന്യങ്ങൾ ഇത്തരത്തിൽ തരംതിരിച്ചെടുത്താൽ വരുമാനം ലഭിക്കുമെന്നാണ് നഗരസഭാ അധികൃതരുടെ കണ്ടെത്തൽ.

സാനിറ്ററി പാഡും വരുമാനമാകും

ജില്ലയിലെ ആദ്യത്തെ ഡബിൾ ചേംബർ സാനിറ്ററി പാഡ് ഇൻസിനറേറ്റർ നഗരസഭയിൽ അടുത്തുതന്നെ പ്രവർത്തനസജ്ജമാക്കാനാണ് നീക്കം. പുളിയൻമല സ്ളോട്ടർ ഹൗസിന് സമീപമാണ് 90 ലക്ഷം രൂപ ചെലവിൽ അത്യാധുനിക പദ്ധതി യാഥാർഥ്യമാക്കുന്നത്. സംസ്‌കരണ സൗകര്യങ്ങളുടെ അഭാവവുംമൂലം ഉപയോഗിച്ച സാനിറ്ററി പാഡുകൾ സുരക്ഷിതമായി സംസ്‌കരിക്കാൻ പ്രയാസപ്പെട്ടിരുന്നു. ഹൈറേഞ്ചിലെ വിവിധ പഞ്ചായത്തുകൾക്ക് ഇൻസിനറേറ്റർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാകും. സംസ്കരിക്കുന്ന പാഡുകളുടെ ചാരം പ്ലാസ്റ്റിക് കട്ടയാക്കി മാറ്റാനാകും. വലിയ ഫാക്ടറികൾക്കുള്ള ഇന്ധനമായി ഇവ ഉപയോഗിക്കാൻ കഴിയും.

ഇങ്ങനെ സാനിറ്ററി പാഡുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് വരുമാനമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

ജൈവമാലിന്യത്തിന്‌ ഉറവിടസംസ്കരണം

ജൈവമാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കാനുള്ള ബിന്നുകൾ തദ്ദേശസ്ഥാപനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

ഇവ മുഴുവൻ വീടുകളിലും ഉറപ്പാക്കും. ഖരമാലിന്യങ്ങൾ വിറ്റഴിക്കാൻ പദ്ധതികളും തയ്യാറാക്കും.