കാനനപാതയിലൂടെ ആദ്യം ശരത്തും സംഘവും

വണ്ടിപ്പെരിയാർ : സത്രം കാനനപാതയിലൂടെ ശബരിമലയിലേക്കുള്ള യാത്രയ്ക്ക് ഇത്തവണയും ആദ്യം തുടക്കമിട്ടത് കൊല്ലം പരവൂർ നെടുങ്ങോലം ചെരുവിള വീട്ടിൽ ശരത്തും സംഘവും. തുടർച്ചയായ 19-ാം വർഷമാണ് ശരത് ഈ കാനനവഴിയിലൂടെ അയ്യപ്പസന്നിധിയിലേക്ക് മല ചവിട്ടുന്നത്.
ഓരോ വർഷവും രാവിലെ സത്രത്തിലെത്തി ആദ്യടോക്കൺ സ്വന്തമാക്കുകയാണ് ശരത്തിന്റെയും സംഘത്തിന്റെയും പതിവ്. ഇത്തവണയും 11 പേരുള്ള സംഘവുമായാണ് ശരത്ത് എത്തിയത്. സംഘത്തിലെ പലരും മുൻവർഷങ്ങളിലും ശരത്തിനൊപ്പം കാനനപാതയിലൂടെ മലകയറിയവരാണ്. വർഷങ്ങളുടെ പരിചയവും ഒരുമിച്ചുള്ള യാത്രകളുടെ ഓർമ്മകളും കൂട്ടിനുള്ളതിനാൽ ഓരോ തീർഥാടനവും ഇവർക്ക് വേറിട്ട അനുഭവമാണ്. കാനനയാത്രയിലെ കയറ്റങ്ങളും ഇറക്കങ്ങളും ദൂരവും ഒരിക്കലും ക്ലേശമായി തോന്നിയിട്ടില്ല. മറിച്ച്, കാടിന്റെ നിശ്ശബ്ദതയും പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിച്ചുള്ള യാത്രയാണ് ഓരോ തവണയും നടത്തുന്നതെന്ന് ശരത്ത് പറയുന്നു. ഇത്തവണത്തെ സംഘത്തിൽ രണ്ട് കുട്ടികളുമുണ്ട്. മുതിർന്നവരുടെ കൈപിടിച്ച് കാനനവഴിയിലൂടെ മലകയറുന്ന ഈ കുരുന്നുകൾക്കും അയ്യപ്പദർശനത്തോടൊപ്പം കാടിന്റെ കാഴ്ചകളും പുതിയ അനുഭവമാകും.