മനുഷ്യ-വന്യജീവി സംഘർഷം: സാങ്കേതികസമിതി നിയമവിരുദ്ധം- കർഷക മഹാപഞ്ചായത്ത്

അടിമാലി : മനുഷ്യ-വന്യജീവി സംഘർഷം പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ദുരന്തനിവാരണനിയമപ്രകാരം കളക്ടർ സാങ്കേതികസമിതി (ടെക്നിക്കൽ കമ്മിറ്റി) രൂപവത്കരിച്ചത് നിയമവിരുദ്ധമായാണെന്ന് കർഷക മഹാപഞ്ചായത്ത്. ഒക്ടോബർ 28-നാണ് നാലംഗ സാങ്കേതികസമിതി രൂപവത്കരിച്ചത്. ഈ കമ്മിറ്റിയെ നിയോഗിച്ചതാണ് ക്രമവിരുദ്ധം എന്ന് കർഷകമഹാപഞ്ചായത്ത് ആരോപിക്കുന്നത്. ദുരന്തനിവാരണനിയമം 28-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം അത്തരം കമ്മിറ്റികൾക്ക് നേതൃത്വം നൽകേണ്ടത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗംതന്നെയായിരിക്കണം.

എന്നാൽ, ഈ ഉത്തരവുപ്രകാരം രൂപവത്കരിച്ച നാലംഗസമിതിയിൽ ആരും ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളല്ല. 1993-2017 കാലഘട്ടത്തിലെ ആനവളർച്ച ദേശീയശരാശരി 17.2 ശതമാനം ആയിരുന്നപ്പോൾ, കേരളത്തിലെ ആനവളർച്ച 63 ശതമാനമായിരുന്നെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തിയ കണക്കെടുപ്പ് ചൂണ്ടിക്കാട്ടിയത്. അനിയന്ത്രിതമായ ആനകളുടെ വളർച്ചയാണ്, ആനയാക്രമണത്തിൽ കൂടുതൽ മനുഷ്യർ കേരളത്തിൽ മരിക്കുന്നതിന് കാരണം.

ഇല്ലാത്ത ആനത്താരകൾ ഉണ്ടാക്കാൻവേണ്ടിയാണ് ഇപ്പോൾ അനധികൃതമായി സമിതിയെ നിയോഗിച്ചതെന്നും, ഇതിന് ചെലവായ പണം കളക്ടറിൽനിന്ന് ഈടാക്കണമെന്നും കർഷകമഹാപഞ്ചായത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, വനം-റവന്യൂ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് കർഷക മഹാപഞ്ചായത്ത് ഭാരവാഹികളായ ​െജയിംസ് വടക്കൻ, ഡിജോ കാപ്പൻ, ജോയി കണ്ണഞ്ചിറ, റസാക്ക് ചൂരവേലി, അഡ്വ. ബിനോയ് തോമസ് എന്നിവർ പരാതി നൽകിയിട്ടുണ്ട്.