തകർന്ന റോഡ്, തകരാൻ സാധ്യതയുള്ള ഭിത്തി

നാടിന് പേടിയാണ്: ഗിരിജ്യോതി സ്കൂൾ, കോളേജ് റോഡ് തകർന്നു
ചെറുതോണി : താന്നിക്കണ്ടം- ഗിരിജ്യോതി സ്കൂൾ, കോളേജ് റോഡ് തകർന്നിട്ട് രണ്ടുവർഷത്തിലേറെയാകുന്നു. മഴപെയ്യുന്നതോടെ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും ആളുകളും സഞ്ചരിക്കുന്ന പ്രധാന വഴിയാണിത്.
വിദ്യാർഥികളും രക്ഷാകർത്താക്കളും പ്രദേശവാസികളുമാണ് ദുരിതം അനുഭവിക്കുന്നത്. മഴക്കാലത്ത് റോഡിലെ കുഴികൾ വെള്ളത്തിനടിയിലാകുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. ഇതിനകം നാല് ഇരുചക്രവാഹന അപകടങ്ങൾ ഇവിടെ ഉണ്ടായതായി നാട്ടുകാർ പറയുന്നു.
കുഞ്ഞുങ്ങൾ ഷൂവുംസോക്സും ധരിച്ച് സ്കൂളിലേക്ക് പോകുമ്പോൾ മുട്ടോളം വെള്ളത്തിലൂടെയാണ് കടന്നുപോകേണ്ടിവരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
റോഡിന്റെ ഒരുവശം എട്ടാംവാർഡും മറുവശം ഒൻപതാം വാർഡുമാണ്. സമീപത്തെ ഓടകൾ അടച്ചതിനെത്തുടർന്ന് വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെള്ളക്കെട്ട് സമീപത്തെ വീടിന്റെ സംരക്ഷണഭിത്തിയിലും സമ്മർദം സൃഷ്ടിക്കുന്നുണ്ട്. മഴ ശക്തമായാൽ ഭിത്തി തകർന്നുവീണ് അപകടമുണ്ടാകുമെന്ന ആശങ്കയിലാണ് കുടുംബം. പ്രായമായവരും ചെറിയ കുട്ടികളും ഉൾപ്പെടുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. വെള്ളക്കെട്ട് മൂലം രോഗഭീഷണിയും അപകടസാധ്യതയും വർധിച്ചതായും നാട്ടുകാർ പറയുന്നു.
16 ലക്ഷം രൂപയുടെ പദ്ധതി
റോഡിന്റെ അറ്റകുറ്റപ്പണിക്കായി ആദ്യം എട്ടുലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡ് പ്രവൃത്തി പൂർണമായി നടത്തുന്നതിനായി പിന്നീട് എട്ടുലക്ഷം രൂപ കൂടി അനുവദിക്കേണ്ടിവന്നു.
ആദ്യഘട്ടത്തിലെ എട്ടുലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. രണ്ടാമത്തെ എട്ടുലക്ഷം രൂപയുടെ ടെൻഡറിൽ ഒരാൾ മാത്രം പങ്കെടുത്തതിനെ തുടർന്ന് റീ-ടെൻഡർ നടപടികൾ ആരംഭിച്ചു.
നടപടികൾ പൂർത്തിയാക്കി എത്രയുംവേഗം റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും വിഷയം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഉന്നയിക്കുമെന്നും നാട്ടുകാർ അറിയിച്ചു.