കുടയത്തൂർ സെയ്ന്റ് അഗസ്റ്റിൻസ് ദേവാലയം; പുനർനിർമാണം പൂർത്തിയായി

കൂദാശ 28-ന്
കുടയത്തൂർ : സെയ്ന്റ് അഗസ്റ്റിൻസ് ദേവാലയത്തിന്റെ പുനർനിർമാണം പൂർത്തിയായി. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇടവകയാണ്..പുതിയ ദേവാലയത്തിന്റെ കൂദാശാകർമം 28-ന് ഉച്ചകഴിഞ്ഞ് 2.15-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
1922-ൽ സ്ഥാപിതമായ കുടയത്തൂർ ഇടവകയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ദേവാലയം. 530 കുടുംബങ്ങളിലായി 2,155 വിശ്വാസികളാണ് ഇടവകയിലുള്ളത്. പഴയ ദേവാലയത്തിന്റെ വലിപ്പം വിശ്വാസികളുടെ ആത്മീയവും ആരാധനാപരവുമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അസൗകര്യങ്ങളും കാലപ്പഴക്കവുമാണ് പുതിയ ദേവാലയം നിർമിക്കാൻ കാരണമായത്. ഇതേത്തുടർന്ന് 2022 ഒക്ടോബർ 28-ന് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.ദേവാലയ നിർമാണ കമ്മിറ്റി നടത്തിയ കൂട്ടായ പരിശ്രമവും ഇടവക ജനങ്ങളുടെ സഹകരണവും സമർപ്പണവുമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സഹായകമായതെന്ന് വികാരി ഫാ. ജേക്കബ് പൊട്ടക്കുളം പറഞ്ഞു. ദേവാലയത്തോടൊപ്പം ഓഡിറ്റോറിയത്തിന്റെ നിർമാണവും പൂർത്തിയാക്കി.