അഗ്രോ സർവീസ് സെന്ററിൽ ട്രാക്ടർ തുരുമ്പെടുക്കുന്നു

നെൽകൃഷി നിലച്ചത് പ്രശ്നം
ഉപ്പുതറ : കൃഷിഭവനുകീഴിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്റർ ഉഷാറായി പ്രവർത്തിക്കുമ്പോഴും ലക്ഷങ്ങൾ മുടക്കി വാങ്ങിയ ട്രാക്ടർ തുരുമ്പെടുത്ത് നശിക്കുന്നു. ഉപ്പുതറയിൽ പാടശേഖരസമിതി നിർജീവമാകുകയും നെൽകൃഷി നിലച്ചതുമാണ് ട്രാക്ടർ ഉപയോഗ ശൂന്യമാകാൻ കാരണം. താമസിക്കാതെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ട്രാക്ടർ പൂർണമായും നശിക്കും.
അഗ്രോ സർവീസ് സെന്ററിന് ഇതിനുള്ള ഫണ്ടില്ല. ഇത് പ്രതിസന്ധിയാണ്. കേരള കാർഷിക വികസന ക്ഷേമ വകുപ്പ് 2017-ലാണ് ഉപ്പുതറയിൽ അഗ്രോ സർവീസ് സെന്റർ അനുവദിച്ചത്. 67 ലക്ഷം രൂപയാണ് അന്ന് ചെലവഴിച്ചത്. നിലം ഒരുക്കുന്നതിനും, നിലം ഉഴുന്നതിനുമുള്ള ട്രാക്ടർ, ട്രില്ലർ, പിക്കപ്പ് വാൻ, ഡ്രെയർ തുടങ്ങി കാർഷികാവശ്യത്തിനുള്ള ഉപകരണങ്ങളാണ് അന്ന് വാങ്ങിയത്. ജൈവ രീതിയിലുള്ള പച്ചക്കറി, നെൽകൃഷി ഉൾപ്പെടെയുള്ളവയുടെ ഉത്പാദനം വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള മുഴുവൻ കൃഷി ഭവനിലൂടെയും പച്ചക്കറി തൈ, വിത്ത് എന്നിവ കർഷകരിൽ എത്തിക്കുക, ഇതിലൂടെ 15 പേർക്ക് സ്ഥിരം ജോലി ഉറപ്പാക്കുക എന്നിവയും പദ്ധതികളുടെ ഭാഗമായി തീരുമാനിച്ചിരുന്നു. എന്നാൽ ഉപ്പുതറ പഞ്ചായത്തിലെ കർഷകർ നെൽകൃഷി പൂർണമായും ഉപേക്ഷിച്ചതോടെ ട്രാക്ടറിന്റെയും ട്രില്ലറിന്റെയും ഉപയോഗം വേണ്ടാതായി. ഇതോടെ ട്രാക്ടർ ഉപേക്ഷിക്കപ്പെട്ട നിലയിലായി. ചുറ്റും കാടുമൂടി, തുരുമ്പെടുത്ത് നശിക്കുകയാണ്. എന്നാൽ, പച്ചക്കറിത്തൈ, വിത്ത് എന്നിവയുടെ ഉത്പാദനവും വിപണനവും ഉൾപ്പെടെ അഗ്രോ സർവീസ് സെന്ററിന്റെ മറ്റ് പ്രവർത്തനങ്ങൾ കാര്യക്ഷമായി നടക്കുന്നുണ്ട് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൃഷി അസി. ഡയറക്ടർ, കൃഷി ഓഫീസർമാർ എന്നിവരടങ്ങുന്ന മോനിട്ടറിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സെന്റർ പ്രവർത്തിക്കേണ്ടത്. എന്നാൽ, കൃത്യമായ മോനിട്ടറിങ് ഉണ്ടായിരുന്നില്ല.
ഇക്കാര്യം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ട്രാക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നെൽകൃഷിയുള്ള അഗ്രോ സർവീസ് സെന്ററിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അറിയിച്ചു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും മോനിട്ടറിങ് കമ്മിറ്റി വിളിക്കാൻപോലും നടപടി ഉണ്ടായില്ല.