ഒറ്റല്ലൂരിൽ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാൻ നീക്കം: നാട്ടുകാർ സമരത്തിൽ

കരിങ്കുന്നം : കരിങ്കുന്നം പഞ്ചായത്തിലെ ഒറ്റല്ലൂരിൽ മലിനീകരണത്തിന് ഇടയാക്കുന്ന പ്ലൈവുഡ് ഫാക്ടറിക്ക് അനുമതി നൽകുന്നതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.

പ്ലൈ ആൻഡ് ബോർഡ്‌സ് നിർമാണ യൂണിറ്റിനെതിരേ കഴിഞ്ഞ ആറുമാസമായി നാട്ടുകാർ സമരത്തിലാണ്.

ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ളസ്രോതസ്സായ കരിയിലംതോടിനും ഒറ്റല്ലൂർ മലനിരകൾക്കും സമീപത്താണ് ആപത്കരമായ കെമിക്കലുകൾ ഉപയോഗിക്കുന്ന ഫാക്ടറിക്ക് അനുമതി തേടിയിരിക്കുന്നത്. ഫാക്ടറി പ്രവർത്തനം ആരംഭിച്ചാൽ മാലിന്യങ്ങളും മരപ്പൊടിയും കലർന്ന് ഇവിടത്തെ ജലം ഉപയോഗശൂന്യമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമീപത്തുള്ള സ്കൂളുകൾ, അങ്കണവാടികൾ, ആരാധനാലയങ്ങൾ എന്നിവയ്‌ക്കൊപ്പം തൊടുപുഴ-മുട്ടം ടൗണുകളും മലങ്കര ജലാശയവും ഫാക്ടറിയുടെ വായുപരിധിക്കുള്ളിലാണ്.

ഫാക്ടറിപ്രദേശം ദുരന്തഭൂമിയായി മാറുമെന്ന് ജില്ലാ ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റിയും കരിങ്കുന്നം ഗ്രാമപ്പഞ്ചായത്ത് സബ് കമ്മിറ്റിയും നേരത്തേ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രദേശവാസികൾ മാസങ്ങൾക്കുമുൻപ് നൽകിയ പരാതികളിൽ നടപടിയുണ്ടാകാത്തപ്പോൾ, ഫാക്ടറി ഉടമകൾ നൽകിയ അപേക്ഷയിൽ വിവിധ വകുപ്പുകൾ സംയോജിതമായി മുന്നറിയിപ്പില്ലാതെ സന്ദർശനം നടത്തിയത് ദുരൂഹത ഉണർത്തുന്നതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി കരിങ്കുന്നം വില്ലേജ് ഓഫീസിലേക്ക് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോൺ ഉദ്ഘാടനംചെയ്തു. സമരസമിതി ചെയർമാൻ മാത്യു സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ടാജി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ ജോബി, ശ്രീജിത്ത്, കുടിവെള്ളസംരക്ഷണസമിതിയംഗം വിനോദ്, നോബിൾ, സ്വീറ്റ്‌സൺ, രവി, ജെറി, ടോമി, മിനി പുതക്കാട്ട്, ബ്ലോക്ക് അംഗം ബേബിച്ചൻ, ജൂലി ബീന തുടങ്ങിയവർ സംസാരിച്ചു.