പൂജാ അവധി സൂപ്പർ ഹിറ്റാക്കി

കെ.എസ്.ആർ.ടി.സി.യുടെ മൂന്നാർ ഡബിൾ ഡെക്കർ

മൂന്നാർ : പൂജാ അവധി ആഘോഷിക്കാൻ മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തിയതോടെ കെ.എസ്.ആർ.ടി.സി.യുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസിനും നേട്ടം. ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ചുദിവസത്തിനിടെ 1,191 പേരാണ് ഡബിൾ ഡെക്കർ ബസുകളിൽ യാത്ര ചെയ്തത്. ഇതിലൂടെ 4,06,000 രൂപ ലഭിച്ചു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസുകൾ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകർഷണമായി മാറുകയാണ്. നിലവിൽ രണ്ട് ഡബിൾ ഡെക്കർ ബസുകളാണ് മൂന്നാറിൽ സർവീസ് നടത്തുന്നത്.

മൂന്നാറിന്റെ മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാർന്ന തേയിലത്തോട്ടങ്ങളുടെയും പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രയാണ് ബസുകളെ സഞ്ചാരികൾക്കിടയിൽ ജനപ്രിയമാക്കുന്നത്. മൂന്നാറിൽനിന്ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിന് സമീപം വരെയാണ് സർവീസ്. യാത്രാമധ്യേ അഞ്ചിടങ്ങളിൽ ബസ് നിർത്തുന്നതിനാൽ സഞ്ചാരികൾക്ക് പ്രകൃതിഭംഗി ആസ്വദിക്കാനും കാഴ്ചകൾ പകർത്താനും അവസരമുണ്ട്. 2025 ഫെബ്രുവരി എട്ടിനാണ് കെ.എസ്.ആർ.ടി.സി.യുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് ആരംഭിച്ചത്. ഈ വർഷം ജനുവരി നാലിന് രണ്ടാമത്തെ ബസും സർവീസ് തുടങ്ങി. ഇതോടെ കൂടുതൽ സഞ്ചാരികൾക്ക് ഡബിൾ ഡെക്കർ യാത്രയുടെ ഭാഗമാകാൻ അവസരമൊരുങ്ങി.മുകൾനിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെനിലയിൽ 200 രൂപയുമാണ് യാത്രാനിരക്ക്. മുകൾനിലയിൽ 38 സീറ്റുകളും താഴത്തെ നിലയിൽ 12 സീറ്റുകളുമാണുള്ളത്. രണ്ട് ബസുകളും കൂടി രാവിലെ ഒമ്പത് മുതൽ 4.30 വരെ ആറുസർവീസുകൾ നടത്തുന്നു.

ഡബിൾ ഡെക്കറിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ടോ കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ https://onlineksrtcswift.com/ വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.