വന്യമൃഗശല്യം; തോട്ടം മാനേജ്മെൻറ് കാട് വെട്ടിയില്ല; നാട്ടുകാരും തൊഴിലാളികളും ചേർന്ന് കാട് വെട്ടി

വണ്ടിപ്പെരിയാർ : പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന വണ്ടിപ്പെരിയാർ ഗ്രാമ്പി എസ്റ്റേറ്റിൽ വന്യമൃഗശല്യം രൂക്ഷമായിട്ടും തോട്ടം മാനേജ്മെന്റുകളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാരും തൊഴിലാളികളും ചേർന്ന് കാട് വെട്ടിത്തെളിച്ചു.
എസ്റ്റേറ്റ് റോഡിന്റെ ഇരുവശങ്ങൾ, കുടിവെള്ളം എടുക്കുന്ന കുളം, വാട്ടർ ടാങ്കിന്റെ പരിസരങ്ങൾ എന്നിവടങ്ങളിൽ കാടുമൂടിക്കിടന്ന ഭാഗങ്ങളാണ് ഇവർ ജനകീയ കൂട്ടായ്മയിലൂടെ വെട്ടിമാറ്റിയത്. തൊട്ടടുത്തായി ഗ്രാമ്പി എൽ.പി. സ്കൂളും പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. വർഷങ്ങളായി കടുവ, പുലി, കാട്ടുപോത്ത്, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യമാണ് ഈ പ്രദേശത്തുള്ളത്. തോട്ടം മേഖലകളിൽ വളർന്നു വലുതായി പന്തലിച്ചുനിൽക്കുന്ന കാടുകളാണ് ഇതിന് പ്രധാന കാരണം. ഉൾക്കാടുകളിൽനിന്ന് വരുന്ന വന്യമൃഗങ്ങൾ ഇവിടെയെത്തി താവളമാക്കുകയാണ് പതിവ്. പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങൾ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളും നാട്ടുകാരും തന്നെ കാടുവെട്ടിത്തെളിക്കാൻ രംഗത്തിറങ്ങിയത്. ഗ്രാമ്പി എസ്റ്റേറ്റിലെ ഈ ദുരിതസ്ഥിതിക്ക് പരിഹാരം കാണാനും, തോട്ടംമേഖലയിലെ കാടുകൾ വെട്ടിമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം. പഞ്ചായത്ത് അംഗം പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് കാടുകൾ വെട്ടിത്തെളിക്കൽ പ്രവർത്തനങ്ങൾ നടത്തിയത്.