ഒടുവിൽ വൃത്തിയാക്കി...

നാച്ചിവയൽ ചന്ദനക്കാട്ടിൽ പച്ചപ്പ് തിരിച്ചുകൊണ്ടുവരാൻ പഞ്ചായത്തും നാട്ടുകാരും

മറയൂർ : ചന്ദന കാട്ടിൽ മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടിയുമായി മറയൂർ പഞ്ചായത്ത്.

ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് മറയൂർ പഞ്ചായത്ത്, വനം, ആരോഗ്യ വകുപ്പുകളും ഹരിതകർമസേന, കുടുംബശ്രീ, വിവിധ സന്നദ്ധസംഘടനകൾ നാച്ചിവയൽ ഗ്രാമവാസികൾ എന്നിവയുടെ നേതൃത്വത്തിൽ നാച്ചിവയൽ ചന്ദനക്കാടുകളിൽനിന്നും മാലിന്യം പൂർണമായി മാറ്റി. സെപ്റ്റംബർ 16-ന് മാതൃഭൂമിയിൽ പച്ചപ്പ് ഇല്ലാതാക്കല്ല നിങ്ങൾ എന്ന തലക്കെട്ടിൽ വാർത്ത നല്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടിതമായി ചന്ദനക്കാട്ടിൽ കുമിഞ്ഞുകൂടിയ പ്ളാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്തത്.

മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ ശക്തമായനടപടികൾ സ്വീകരിക്കുവാനും ഗ്രാമവാസികൾക്ക് ബോധവത്കരണം നടത്തുവാനും തീരുമാനിച്ചതായി മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ് പറഞ്ഞു.

നാച്ചിവയൽ ചന്ദനക്കാട്, മറയൂർ പൊതുശ്മശാനം, പോലീസ് സ്റ്റേഷൻ വളവ് എന്നിവിടങ്ങൾ ഹോട്ട്സ്പോട്ടായി നിശ്ചയിച്ച് ഇവിടെ നിരീക്ഷണം ശക്തമാക്കുവാനും തീരുമാനിച്ചു. കൂടാതെ മാസത്തിലൊരിക്കൽ ചിന്നാർ മുതൽ പള്ളനാട് വരെയുള്ള അന്തസ്സംസ്ഥാന പാതയോരങ്ങളിൽ മാലിന്യം ശേഖരിക്കുവാനും തീരുമാനമായതായി പ്രസിഡന്റ് പറഞ്ഞു.