ഇന്റർനെറ്റ് പരിധിക്ക് പുറത്ത്; ഇടമലക്കുടിക്ക് തൊഴിലുറപ്പുണ്ട്; കൂലിയുറപ്പില്ല

തൊടുപുഴ : ഇന്റർനെറ്റ് സംവിധാനം പരിധിക്ക് പുറത്തായതോടെ കേരളത്തിലെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ സാധാരണക്കാർക്ക് നഷ്ടമായത് തൊഴിലുറപ്പുജോലി ചെയ്ത് കിട്ടേണ്ട ആയിരക്കണക്കിന് രൂപയുടെ കൂലി. കഴിഞ്ഞ തൊഴിലുറപ്പ് പദ്ധതിപ്രകാരം ഇവിടെ 600 പേർ തൊഴിൽദിനം പൂർത്തിയാക്കിയിരുന്നു. എന്നാൽ, 120 പേരുടേതുമാത്രമാണ് പൂർണമായി രേഖപ്പെടുത്തിയിട്ടുള്ളത്. 480 പേർക്ക് കൂലി നഷ്ടമാകും. ആകെ 2500 തൊഴിലുറപ്പ് ദിനം. ഓൺലൈനായാണ് മസ്റ്റർറോൾ ചെയ്യുന്നത്. ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ഇത് പലർക്കും കാലങ്ങളായി ചെയ്യാനായിട്ടില്ല. ഇതോടെ, കാട്ടിൽ അട്ടകടിയുംകൊണ്ട് തൊഴിലെടുത്ത കൂലി ലഭിക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.

ഉണരാതെ ബി.എസ്.എൻ.എൽ.

ബി.എസ്.എൻ.എലാണ് ഇടമലക്കുടിയിൽ ഇന്റർനെറ്റ് നൽകുന്നത്. 2023-ൽ 4.37 കോടി രൂപ ചെലവിൽ ബി.എസ്.എൻ.എൽ. ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ച് ഫോർ ജി കണക്ടിവിറ്റിയും ഒരുക്കിയിരുന്നു. ഷെഡ്ഡുകുടിയിൽ ഫോർ ജി ടവറും സ്ഥാപിച്ചു. മറ്റു കുടികളിലേക്കുകൂടി കണക്ടിവിറ്റി വ്യാപിപ്പിക്കാൻ നാല് ടവർകൂടി നിർമിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇടമലക്കുടിയിലെ എല്ലാ ഭാഗങ്ങളിലും ഇന്റർനെറ്റ് എത്തിയില്ല. മാത്രമല്ല, ഉണ്ടായിരുന്നത് പലപ്പോഴും ലഭിക്കാതെയുമായി. ഇടമലക്കുടിയിൽ സൊസൈറ്റിക്കുടിയിലും സമീപത്തെ ഷെഡ്ഡുകുടിയിലുംമാത്രമാണ് ഭാഗികമായെങ്കിലും നെറ്റ്‌വർക്ക് ലഭിക്കുന്നത്. 14 വാർഡുള്ള പഞ്ചായത്തിലെ മറ്റുപ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യത വലിയ പ്രശ്നമാണ്. ഒട്ടുമിക്ക കുടികളിലും തൊഴിലുറപ്പുപദ്ധതി നടന്നെങ്കിലും, മസ്റ്ററിങ് മാത്രം നടന്നില്ല. പഴയതുപോലെ എഴുതിനൽകാനുള്ള സൗകര്യം നൽകണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ട് അതും നടന്നില്ല.

സ്മാർട്ട് പേരിൽമാത്രം

2025 മേയ് ഏഴിന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി. രാജേഷ് ഇടമലക്കുടി പഞ്ചായത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തപ്പോൾ പഞ്ചായത്തിനെ സ്മാർട്ട് ഓഫീസായി പ്രഖ്യാപിച്ചിരുന്നു.

ചടങ്ങിൽ കെ-സ്മാർട്ടിലൂടെയുള്ള ആദ്യസർട്ടിഫിക്കറ്റും വിതരണംചെയ്തു.

ഇപ്പോൾ പഞ്ചായത്ത് ഓഫീസ്‌പോലും പ്രവർത്തിക്കാത്ത അവസ്ഥയിലാണ്.