ആരുപറഞ്ഞു, വലിയ വാഹനങ്ങൾമാത്രമേ മലകയറൂ എന്ന്

#നിതാര വി. ചന്ദ്രൻ

വാഗമൺ: മലഞ്ചരിവുകളും കല്ലും മണ്ണും നിറഞ്ഞ ദുർഘടപാതകളും കീഴടക്കാൻ ഇനി വലിയ ഓഫ്‌റോഡ് വാഹനങ്ങൾ വേണ്ടാ. കൈയിലെ റിമോട്ട് കൺട്രോൾ നിയന്ത്രിക്കുന്ന കൊച്ചുകാറുകളും ഇനി മലകളെല്ലാം അനായാസം ഓടിക്കയറും. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്ലബ് 05 ഓഫ്റോഡ് ആർ.സി. കാർ’ കൂട്ടായ്മ വാഗമൺ തവളപ്പാറയുടെ മുകളിൽ നടത്തിയ വേറിട്ട ആർ.സി. കാർ പ്രദർശനം ഇത്തരത്തിലൊന്നായിരുന്നു.

ഞായറാഴ്ച രാവിലെ തവളപ്പാറയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് നടന്ന പ്രകടനം കാണാൻ നിരവധി വിനോദസഞ്ചാരികളും നാട്ടുകാരുമെത്തി. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും കല്ലുകൾ നിറഞ്ഞ പാതകളും ചെളി നിറഞ്ഞ പ്രദേശങ്ങളും കൊച്ചുകാറുകൾ അനായാസം മറികടന്നത് കൗതുകമുണർത്തി.

കളിപ്പാട്ടമല്ല, ‘ഹോബി ഗ്രേഡ്’

കാഴ്ചയിൽ കളിപ്പാട്ടങ്ങളെന്ന് തോന്നുമെങ്കിലും, ഇവ സാധാരണ കളിക്കാറുകളല്ല. യഥാർഥ ഓഫ്‌റോഡ് വാഹനങ്ങളിലേതിന് സമാനമായ സാങ്കേതികസംവിധാനങ്ങളാണ് ‘ഹോബി ഗ്രേഡ്’ ആർ.സി. കാറുകളിൽ ഉപയോഗിക്കുന്നത്. ഫോർവീൽ ഡ്രൈവ്, ഡിഫറൻഷ്യൽ ലോക്ക്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങൾ പല വാഹനങ്ങളിലുമുണ്ട്. കേടുസംഭവിച്ചാൽ പാർട്സും ടയറുകളും ഷോക്കുകളും മാറ്റി അറ്റകുറ്റപ്പണി നടത്താനും വാഹനങ്ങൾ അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.

എം.എസ്. നാഥനേൽ, എം.ആർ. ഷോബിൻ, പി.ആർ. അഭിജിത്ത്, അജൽ ഫിലിപ്പ്, ജിതിൻ ജോയ് എന്നിവരടക്കം ആറുപേർ ചേർന്ന് തുടക്കമിട്ട കൂട്ടായ്മയിൽ ഇന്ന് കുട്ടികളും മുതിർന്നവരുമടക്കം 152 അംഗങ്ങളുണ്ട്. വാഗമണിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഇതിനകം ഒൻപത് ആർ.സി. കാർ പ്രകടനം സംഘടിപ്പിച്ചു.

കോളേജ് ഓട്ടോഷോകൾ, ആർ.സി. ക്രാളിങ് ഇവന്റുകൾ, ഓഫ്‌റോഡ് മത്സരങ്ങൾ തുടങ്ങിയവയിലും ക്ലബ്ബംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഏകദേശം 10,000 രൂപമുതൽ ഒന്നരലക്ഷം രൂപവരെ വിലയുള്ള ആർ.സി. കാറുകളാണ് അംഗങ്ങളുടെ ശേഖരത്തിലുള്ളത്. ഓഫ്‌റോഡിങ്ങിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഏകദേശം 30,000 രൂപമുതൽ 1.40 ലക്ഷം രൂപവരെയാണ് വില.

വാഹനങ്ങളുടെ സാങ്കേതികവിദ്യയും ഓഫ്‌റോഡ് ഡ്രൈവിങ്ങിന്റെ ആവേശവും ഒരുമിക്കുന്നതാണ് ആർ.സി. കാർ ഹോബിയുടെ പ്രത്യേകതയെന്ന് ക്ലബ്ബംഗങ്ങൾ പറയുന്നു. ഒഴിവുസമയവിനോദത്തിനൊപ്പം, മാനസികസമ്മർദം കുറയ്ക്കാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനും ഈ ഹോബി സഹായിക്കുന്നുവെന്നും ഇവർ പറയുന്നു.