വാഗ്ദാനങ്ങളിൽ തട്ടിത്തകർന്നുപശുപ്പാറ റോഡിൽ ദുരിതം...

ദുരിതയാത്രയ്ക്ക് അറുതിതേടി നാട്ടുകാർ
വാഗമൺ : ഉപ്പുതറ പഞ്ചായത്ത് 17-ാം വാർഡിലെ പശുപ്പാറ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.
അധികൃതരുടെ അവഗണനയ്ക്ക് ഇരുപതുവർഷം തികയുമ്പോഴും, റോഡ് നവീകരണം ഇന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുകയാണ്.
ദുരിതക്കയത്തിൽവിദ്യാർഥികളും നാട്ടുകാരും
നാല് സ്കൂളുകൾ, അങ്കണവാടികൾ എന്നിവയിലേക്കുള്ള വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസേന ആശ്രയിക്കുന്ന പ്രധാന പാതയാണിത്.
നിലവിൽ കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ തകർന്നുകിടക്കുന്ന റോഡ് നാട്ടുകാർക്കുമുൻപിൽ ഒരു ദുരന്തമായി തുടരുകയാണ്. മുൻപരിചയമില്ലാത്തവർ പ്രദേശത്തെത്തിയാൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയുമേറെയാണ്
ടെൻഡർ നടപടികൾ, കടലാസിൽ മാത്രം
റോഡ് നവീകരണത്തിനായി പലതവണ ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടർപ്രവർത്തനങ്ങളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് കാലങ്ങളിൽ വീടുകൾ കയറിയിറങ്ങി വോട്ട് ചോദിക്കുമ്പോൾ മാറിമാറി വരുന്ന മുന്നണികൾ റോഡ് നന്നാക്കാമെന്ന് ഉറപ്പ് നൽകാറുണ്ടെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വർഷങ്ങളായുള്ള ഈ ദുരിതത്തിന് എന്നാണ് പരിഹാരം കാണുക എന്ന ചോദ്യമാണ് പ്രദേശവാസികൾ ഒന്നടങ്കം ഉയർത്തുന്നത്.
മന്ത്രിയും ജനപ്രതിനിധികളുംഇതുവഴി വരണം
നവംബർ 22-ന് കാപ്പിപ്പതാലിൽ നടക്കുന്ന പി.ആർ.ഡി.എസ്. മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന ആഭ്യന്തരമന്ത്രിയും എം.പി., എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും പശുപ്പാറ റോഡിലൂടെ തന്നെ സഞ്ചരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വർഷങ്ങളായി പ്രദേശവാസികൾ അനുഭവിക്കുന്ന യാത്രാദുരിതം അധികൃതർ നേരിട്ടുകണ്ട് ബോധ്യപ്പെടാനാണിത്.