അറക്കുളത്ത് വേണം, അടിപൊളി വിനോദസഞ്ചാരകേന്ദ്രങ്ങൾ

ഭരണസമിതി നിവേദനം നൽകി
മൂലമറ്റം : അറക്കുളത്തെ ടൂറിസം പദ്ധതികളുടെ ഹബ്ബാക്കണം. അതിനുള്ള ആശയങ്ങളാണ് പഞ്ചായത്ത് മുന്നോട്ടുവെയ്ക്കുന്നത്. വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനുതകുന്ന പദ്ധതികൾ അനുവദിക്കുന്നതിന് അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈഡൽ ടൂറിസം ഡയറക്ടർ ആർ. രമേശിന് നിവേദനം നൽകി.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും സ്ഥലം നേരിൽ കാണുന്നതിനുമായി ഡയറക്ടർ 23-ന് അറക്കുളത്തെത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവൽ സൈമൺ, വികസനകാര്യ ചെയർപേഴ്സൺ വി.സി. മണിയമ്മ, പഞ്ചായത്ത് ജീവനക്കാർ എന്നിവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
പദ്ധതികൾ
മലമ്പുഴ മാതൃകയിൽ പാർക്ക്. മൂലമറ്റം പവർഹൗസിൽനിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളമൊഴുകുന്ന കനാലിന് ഇരുവശവുമായി എ.കെ.ജി. ത്രിവേണി സംഗമംവരെയാണ് പാർക്ക് ഉദ്ദേശിക്കുന്നത്.
പവർ ഹൗസിന്റെ മിനിയേച്ചർ മാതൃകയും ഇതിലുൾപ്പെടുത്തും. കുളമാവ് നാടുകാണി പവിലിയന് സമീപമാണ് വാഗമൺ മാതൃകയിൽ പി.പി.പി. മാതൃകയിൽ ഗ്ലാസ് ബ്രിഡ്ജ് നിർമിക്കാൻ പദ്ധതി.
കപ്പക്കാനം- വെള്ളാരംകുന്ന്- ഉറുമ്പുള്ള്- കവുന്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടും ഉറുമ്പുള്ള് കപ്പക്കാനം ടണൽഭാഗത്ത് സുരക്ഷാ സംവിധാനങ്ങളും ശൗചാലയവും ഉൾപ്പെടെ ആധുനിക അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ട്.