മൂന്നാറിന്റെ രാത്രി ആശങ്ക...

മൂന്നാർ : സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രമുഖമായ വിനോദ സഞ്ചാരകേന്ദ്രമാമൂന്നാറിൽ രാത്രിയിൽ എത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യങ്ങൾ ഇല്ലാത്തത് തിരിച്ചടിയാകുന്നു.
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് അവകാശപ്പെടുന്ന പഞ്ചായത്തിന് കീഴിലുള്ള പൊതുശൗചാലയം അടച്ചിടുന്നതാണ് ഇതിനുകാരണം.
വൈകീട്ട് ഏഴുമണിയോടെ അടയ്ക്കുന്ന ഇവ പിറ്റേന്ന് രാവിലെയാണ് തുറക്കുന്നത്. ഇതോടെ മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുവാൻ നെട്ടോട്ടം ഓടേണ്ട സാഹചര്യമാണ്.
അവരെന്ത് ചെയ്യും
സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രാ സംഘങ്ങൾ മൂന്നാർ ടൗണിൽ രാത്രിയോടെ എത്തി ചേരാറുണ്ട്. ഇവർ ആദ്യം അന്വേഷിക്കുന്നതുതന്നെ ശുചിമുറികളാണ്.
മൂന്നാർ ടാക്സി സ്റ്റാൻഡ് ഓഫീസിനുസമീപം, മൂന്നാർ നല്ലതണ്ണി കവല,, മാർക്കറ്റിന്റെ പ്രവേശനഭാഗം എന്നിവിടങ്ങളിലായി മൂന്ന് ശുചിമുറികളാണ് പ്രവർത്തിക്കുന്നത്. ഇത് മൂന്നും രാത്രിയോടെ അടച്ചിടുകയാണ്. പഞ്ചായത്തിൽനിന്നും കരാർ വ്യവസ്ഥയിൽ നടത്തിപ്പുചുമതല ഏറ്റെടുത്തവരുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഇത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും പഞ്ചായത്ത് അധികൃതർ മെനക്കെടാറില്ല. കൃത്യമായ മാർഗനിർദേശങ്ങൾ നൽകാത്തതുമൂലം മേൽനോട്ടം ഇല്ലാത്തതുമൂലം കരാറുകാരുടെ സ്വന്ത ഇഷ്ടപ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ ഇതിനെക്കുറിച്ച് പരാതി ഉന്നയിക്കുവാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയെങ്കിലും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. ശുചിമുറി അടച്ചിടുന്നതുമൂലം മൂന്നാർ ടൗണിലെ വ്യാപാരികൾക്കും വലിയബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
ശുചിമുറികൾ ഉപയോഗിക്കുന്നതിനായി കരാറുകാർ ഈടാക്കുന്ന തുകയെക്കുറിച്ചും സഞ്ചാരികൾക്ക് പരാതിയുണ്ട്.
മികച്ച സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും ഒരാളിൽനിന്ന് പത്തു രൂപാ ഈടാക്കുന്നതിനെക്കുറിച്ചാണ് സഞ്ചാരികൾ പരാതി ഉന്നയിക്കുന്നത്.