പോബ്സ് തോട്ടം തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ:സർക്കാർ അടിയന്തരമായി ഇടപെടും

വണ്ടിപ്പെരിയാർ : പോബ്സ് ഗ്രൂപ്പ് തേയിലത്തോട്ടത്തിലെ തൊഴിലാളികൾ നേരിടുന്ന ശമ്പള കുടിശ്ശിക അടക്കമുള്ള രൂക്ഷമായ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകി.
18 മാസത്തെ ശമ്പള കുടിശ്ശിക, നാല് വർഷത്തെ പി.എഫ്. വിഹിതം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉടനടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. പീരുമേട് റീജണൽ കമ്മിറ്റി നൽകിയ നിവേദനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അഡ്വ. സിറിയക് തോമസ് എം.എൽ.എ.യുടെ നേതൃത്വത്തിലാണ് സംഘം അദ്ദേഹത്തെ കണ്ടത്. ഐ.എൻ.ടി.യു.സി. റീജണൽ പ്രസിഡന്റ് കെ.എ. സിദ്ധിഖ്, സംസ്ഥാന സെക്രട്ടറി പി.ആർ. അയ്യപ്പൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.കെ. രാജൻ, നേതാക്കളായ സിജോ ഔസേഫ്, പാപ്പച്ചൻ വർക്കി, ഷാൻ അരുവിപ്ലാക്കൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ വരുന്ന ക്രിസ്മസ് ദിനത്തിൽ തിരുവല്ല കുറ്റൂരുള്ള പോബ്സ് കമ്പനി ഉടമയുടെ വസതിക്ക് മുന്നിൽ പട്ടിണി സമരം നടത്തുമെന്ന് ഐ.എൻ.ടി.യു.സി. നേതാക്കൾ മുന്നറിയിപ്പ് നൽകി.