കോടതിയിൽനിന്ന് ഓടിയ പ്രതിയെ പിടികൂടി

നെടുങ്കണ്ടം : കൊലപാതകശ്രമക്കേസിൽ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പ്രതിയെ അരമണിക്കൂറിനകം പോലീസ് ഓടിച്ചിട്ട് പിടികൂടി.
ഉടുമ്പൻചോല കൂക്കലാർ കിണ്ണംതൊട്ടിയിൽ വീട്ടിൽ ബാലമുരുകൻ(19) ആണ് കോടതിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ട് 4.15-ഓടെയാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച രാത്രി അമ്മയെ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുംചെയ്ത കേസിലാണ് പ്രതിയെ ഉടുമ്പൻചോല പോലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച ഇയാളെ നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ വിലങ്ങ് അഴിച്ചസമയം തന്ത്രപരമായി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് താന്നിമൂടിന് സമീപത്തുനിന്ന് ഇയാളെ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് കസറ്റഡിയിൽനിന്ന് ഓടി രക്ഷപ്പെട്ടതിന് പ്രതിക്കെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു.