മണിയൻസിറ്റി അപകടവളവിൽ നെല്ലാപ്പാറ മാതൃകയിൽ സുരക്ഷയൊരുക്കും

ചീഫ് വിപ്പ് സ്ഥലത്ത് എത്തി​

തൊമ്മൻകുത്ത് : നെയ്യശ്ശേരി- തോക്കുമ്പൻ റോഡിൽ മണിയൻസിറ്റിക്ക് മുകളിലുള്ള അപകടവളവ് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് സന്ദർശിച്ചു. പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കാൻ നെല്ലാപ്പാറ മാതൃകയിൽ സുരക്ഷാസംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപകടസൂചനാ ബോർഡുകളും സിഗ്നൽലൈറ്റും ഉടൻ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.

റോഡരികിൽ ഗർത്തമുള്ള ഭാഗം വേർതിരിച്ച് സുരക്ഷാ ഗ്രിൽ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മണിയൻസിറ്റി അപകടവളവിലെ ആശങ്ക സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയുടെയും ഇവിടത്തെ അപകടസാധ്യത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാരങ്ങാനം നിവാസികളായ ബേബി തോമസ് കളത്തൂർ, ജോർജ് ജോസഫ് പരുന്തനാനിക്കൽ എന്നിവർ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് ചീഫ് വിപ്പ് നേരിട്ടെത്തി സ്ഥലം പരിശോധിച്ചത്.

കണ്ണാടിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ലോക്ക് പഞ്ചായത്തംഗം സണ്ണി കളപ്പുര, യു.ഡി.എഫ്. വണ്ണപ്പുറം ചെയർമാൻ പി.എം. ഇല്യാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.യു. ഷാഹുൽ ഹമീദ്, കേരള കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജേക്കബ് കുര്യൻ കൊച്ചടിവാരം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.