വയോജന ദിനാഘോഷം

തൊടുപുഴ : ഇടുക്കി ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും തൊടുപുഴ വയോമിത്രത്തിന്റെയും ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല വയോജനദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
അധ്യാപനരംഗത്തും അക്കാദമിക് രംഗത്തും സാമൂഹിക പ്രവർത്തനരംഗത്തും മികച്ച പ്രവർത്തനത്തിന് പ്രൊഫ. കൊച്ചുത്രേസ്യാ തോമസിനെയും സാമൂഹിക പ്രവർത്തനം സ്ഥാപന സംരക്ഷണം ഉൾപ്പെടെ ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഡോ. റോസക്കുട്ടി എബ്രഹാമിനെയും മൈഗ്രെയ്ൻ അസുഖത്തിന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മരുന്നിന് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ച വത്സമ്മ തോമസിനെയും ആദരിച്ചു.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ചുള്ള സെമിനാർ അഡ്വ. പ്രേംജി സുകുമാർ നയിച്ചു. മുതിർന്ന പൗരന്മാരും തൊടുപുഴ ഹോളി ഫാമിലി നഴ്‌സിങ് കോളേജ് വിദ്യാർഥികളും ആശാ പ്രവർത്തകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ കോളേജുകളിൽനിന്ന് എൻ.എസ്.എസ്. അംഗങ്ങളും പങ്കെടുത്തു.
തൊടുപുഴ ലയൺസ് ക്ലബ്ബിൽ നടന്ന അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിൽ തൊടുപുഴ നഗരസഭാ അധ്യക്ഷ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ വി.എ. ഷംനാദ്, തൊടുപുഴ നഗരസഭാ അംഗം റിങ്കുമോൾ സെബാസ്റ്റ്യൻ, വയോജന കൗൺസിൽ അംഗം സുഭാഷ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോഡിനേറ്റർ എബി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.