വേളൂരിൽ പുലിപ്പേടി; വീണ്ടും പശുവിനെ കൊന്നുതിന്നു

ഉടുമ്പന്നൂർ : വേളൂർ പ്രദേശത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ പശുക്കൾ കൊല്ലപ്പെടുന്നത് നാട്ടുകാരെയും ക്ഷീരകർഷകരെയും ആശങ്കയിലാഴ്ത്തുന്നു. തുടർച്ചയായി പശുക്കളെ കൊന്നുതിന്നുന്ന സാഹചര്യത്തിൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തിലാണ് കർഷകർ.
ഇലവുങ്കൽ ജനാർദനന്റെ പശുവിനെയാണ് കഴിഞ്ഞദിവസം ചത്തനിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി പശുവിനെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടയിൽ ദുർഗന്ധം അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് പശുവിനെ കൊന്നുതിന്നനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മറ്റൊരു പശുവിനെ ഇതിനുമുമ്പും അജ്ഞാതജീവി ആക്രമിച്ച് കൊന്നിരുന്നു.
കുറച്ചുദിവസങ്ങൾക്കുമുമ്പ് കുഴിവേലിൽ മോഹനന്റെ പശുവിനെയും സമാനമായ രീതിയിൽ കൊന്നുതിന്നിരുന്നു.
പുലിവർഗത്തിൽപ്പെട്ട ജീവിയുടെ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തൊടുപുഴ റെയ്ഞ്ച് ഓഫീസർ പറഞ്ഞു. പ്രദേശത്ത് കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
തുടർച്ചയായ ആക്രമണങ്ങൾ കർഷകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അജ്ഞാതജീവിയെ പിടികൂടി ഭീതി അകറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.