റോഡോ, അപകടപാതയോ...

കെ.പി.എം.എസ്. പടി-ആഴങ്കാലാ റോഡ് നിർമാണത്തിൽ അപാകവും അഴിമതിയുമുണ്ടെന്ന് ആക്ഷേപം

വാഗമൺ : ഉപ്പുതറ പഞ്ചായത്തിലെ ആനപ്പള്ളത്ത് എസ്.സി. ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെ.പി.എം.എസ്.പടി-ആഴങ്കാലാ റോഡ് നിർമാണത്തിൽ ഗുരുതര അപാകങ്ങളെന്ന് പരാതി.

ഒരുകോടി രൂപ അനുവദിച്ച് നടപ്പാക്കിയ പദ്ധതിയിൽ വ്യാപകമായ അഴിമതിയും സുരക്ഷാ വീഴ്ചകളുമാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാരും കെ.പി.എം.എസും ആരോപിക്കുന്നു.

സുരക്ഷാഭീഷണിയായികലുങ്കും കൈവരികളും

ഏറെ വളവുകളുള്ള ഈ റോഡിലെ കലുങ്കിന്റെ കൈവരികൾ, റോഡ് കോൺക്രീറ്റ് ചെയ്തതോടെ പൂർണമായും മൂടിപ്പോയ അവസ്ഥയിലാണ്.

രാത്രിയിലോ, മഴയുള്ളപ്പോഴോ കലുങ്കിന്റെ അതിർത്തി തിരിച്ചറിയാൻ കഴിയാത്തത് വലിയ വാഹനാപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ ചട്ടങ്ങൾ പ്രകാരം സുരക്ഷാഭിത്തികളും കൈവരികളും കൃത്യമായ ഉയരത്തിൽ കാണേണ്ടതാണെങ്കിലും പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിലാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വേളയിൽ അപാകങ്ങൾ ചൂണ്ടിക്കാണിച്ച നാട്ടുകാരെ, പണികൾ തടസ്സപ്പെടുത്തിയാൽ നിർത്തിവെയ്ക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ, ഒരുകോടി രൂപ ചെലവഴിച്ച് നിർമിച്ച ഈ റോഡിന്റെ ​േപ്രാജക്ട് വിവരങ്ങൾ അടങ്ങിയ ഡിസ്‌പ്ലേ ബോർഡ് പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല.

എസ്റ്റിമേറ്റ് എടുത്തപ്പോൾ രണ്ട് കലുങ്കും ഒരുകയറ്റവും ഒഴിവാക്കി റോഡ് കുറച്ചുകൂടി നീട്ടാമായിരുന്നുവെന്നും പദ്ധതിയിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും കെ.പി.എം.എസ്. വ്യക്തമാക്കി. ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ വിഷയത്തിൽ അടിയന്തരമായി അധികൃതർ ഇടപെട്ട് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.