സഹനം കഴിഞ്ഞു, ഇനി സമരം

കുഞ്ചിത്തണ്ണി : രാജാക്കാട്-കുഞ്ചിത്തണ്ണി റോഡിലെ എല്ലക്കൽപാലം മുതൽ തേക്കിൻകാനം വരെയുള്ള റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമായില്ല.

ഉടുമ്പൻചോല, ദേവികുളം എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നൽകിയ വാക്ക് വെറും വാക്കായിമാറി.

സെപ്റ്റംബർ 25-ന് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇതോടെ പ്രദേശവാസികൾ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാൻ തീരുമാനമെടുക്കുകയാണെന്ന് ജനകീയ ആക്ഷൻ കൗൺസിൽ കൺവീനർ എല്ലക്കൽ ഇടവക വികാരി ഫാ. ജോൺ കലൂർ പറഞ്ഞു.

പാതിവഴിയിൽ പണിനിലച്ചു

നാലുവർഷങ്ങൾക്കുമുമ്പാണ് മുല്ലക്കാനം മുതൽ എല്ലക്കൽ വരെയുള്ള ആറ് കിലോമീറ്റർ റോഡ് പുനർ നിർമിക്കുന്നതിനും എല്ലക്കല്ലിൽ മുതിരപ്പുഴയാറിന് കുറകേ പാലം നിർമിക്കുന്നതിനും 39 കോടി രൂപ അനുവദിച്ചത്.

എന്നാൽ, കരാറുകാരന്റെ അനാസ്ഥമൂലം റോഡ് പാതിവഴിയിൽ മുടങ്ങുകയാണുചെയ്തത്. റോഡ് വഴിമാറ്റുന്നതിന്റെ ഭാഗമായി റോഡരികിൽ ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ പാറകൾ പൊട്ടിച്ചുകടത്തിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

തേക്കിൻകാനം ഭാഗത്ത് ഉണ്ടായിരുന്ന പഴയ റോഡുകൂടി നഷ്ടപ്പെട്ട അവസ്ഥയാണ്.

വേനക്കാലത്ത് പൊടിമൂലം യാത്രചെയ്യാൻ വയ്യാതെയാകുമ്പോൾ മഴക്കാലത്ത് ചെളിയിൽ തെന്നി വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.

റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ പൊതുമരാമത്തുവകുപ്പ് അധികൃതർക്ക് ലഭിച്ചെങ്കിലും ചെവിക്കൊണ്ടമട്ടില്ല. ഇതിനെ തുടർന്നാണ് റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നാട്ടുകാർ കടക്കുന്നത്.

തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ നിത്യവും കടന്നുപോകുന്ന പാതയാണിത്. ശ്രീനാരായണപുരത്തെ റിപ്പിൾ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികൾക്ക് പോകുന്നതിനുള്ള ഏക പാതയാണിത്.

നാട്ടുകാർക്ക് ജനപ്രതിനിധികൾ നൽകിയ അവസാന വാക്കും പാഴ്വാക്കായതോടെ റോഡ് ഉപരോധമുള്ള പ്രത്യക്ഷസമര പരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികൾ ഉദ്ദേശിച്ചിരിക്കുന്നത്.