ദാഹിക്കുന്നു...

പീരുമേട് : വാട്ടർ അതോറിറ്റി പീരുമേട് സബ്ഡിവിഷനുകീഴിൽ ഹെലിബറിയാ വിതരണപദ്ധതിയിലെ പമ്പിങ് മുടങ്ങി. നാട് ദാഹിച്ചുവലയുന്നു.
ടാങ്കിലേക്കുള്ള പ്രധാന പൈപ്പിന്റെ ചോർച്ച പരിഹരിക്കുന്ന ജോലികൾ നടക്കുന്നതുമൂലമാണ് പമ്പിങ് മുടങ്ങിയിരിക്കുന്നത്.
പെരുവന്താനം, കൊക്കയാർ, പീരുമേട് പഞ്ചായത്തുകളിൽ പൂർണമായും, വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ഭാഗികമായും ഒരാഴ്ച ജലവിതരണം മുടങ്ങുമെന്നാണ് വാട്ടർ അതോറിട്ടി അറിയിപ്പുണ്ടായിരുന്നത്. എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും ജോലികൾ പൂർത്തിയായിട്ടില്ല.
ബദൽ സംവിധാനം ഒരുക്കിയില്ല
നിയോജകമണ്ഡലത്തിലെ ആറ് വില്ലേജിലേക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണിത്. മറ്റ് പ്രാദേശിക കുടിവെള്ളവിതരണപദ്ധതികൾ ഇല്ലാത്ത പ്രദേശങ്ങളാണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്.
ഹെലിബറിയയാ പദ്ധതിയെമാത്രം ആശ്രയിക്കുന്നവരാണ് ഏറെയും. ഇപ്പോൾ വലിയവില കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ. പദ്ധതിയിൽനിന്നുള്ള ജലവിതരണം ഇത്രയുംനാൾ മുടങ്ങുമെന്നിരിക്കേ, മറ്റ് ജലവിതരണപദ്ധതികൾ സജീവമാക്കി ബദൽസംവിധാനമൊരുക്കാൻ വകുപ്പ് തയ്യാറാകാത്തതാണ് ജനങ്ങളെ പ്രതിഷേധത്തിലാക്കുന്നത്.
നാട്ടുകാരുടെ പ്രതിഷേധം
പാമ്പനാർ നിവാസികൾ പ്രതിഷേധവുമായി വാട്ടർ അതോറിറ്റി ഓഫീസിലെത്തി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതടക്കം പരാധീനതകളാണ് ഓഫീസിലുള്ളവർ മറുപടിയായി പറഞ്ഞത്.
നാട്ടുകാർ പീരുമേട് തഹസിൽദാർക്കും പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി. പാമ്പനാർ പ്രദേശത്തേക്ക് കുടിവെള്ളമെത്തിക്കാൻ കഴിയുന്ന ലക്ഷ്മികോവിൽ കുടിവെള്ളപദ്ധതിയിൽ വെള്ളമെത്തിച്ചാണ് പരാതികൾക്ക് താത്കാലികപരിഹാരം കണ്ടത്.
കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാലാണ് പണികൾ വൈകുന്നതെന്ന് വാട്ടർ അതോറിറ്റി പറയുന്നു.
കോൺക്രീറ്റ് ഫില്ലറുകൾ തകർന്നാണ് പൈപ്പ് പൊട്ടിയത്. ഇനിയും അങ്ങനെ ഉണ്ടാകാതെനോക്കണം. വ്യാഴാഴ്ചയോടെ പണികൾ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിക്കുമെന്ന് വകുപ്പ് അധികാരികൾ പറയുന്നു.
എത്രയും പെട്ടെന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം. ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കണം.