പാഴാകുന്നു ദാഹജലം

പൈപ്പ് പൊട്ടി ഒരു വർഷമായിട്ടും നന്നാക്കുന്നില്ല
ചെറുതോണി : പാറേമാവ് കൊലുമ്പൻകോളനിയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുപൊട്ടി ഒരുവർഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം.
പൈപ്പുപൊട്ടി വെള്ളം ഒഴുകുന്നതിലൂടെ ദിവസേന ലിറ്റർ കണക്കിന് ശുദ്ധജലമാണ് പാഴാകുന്നത്.
പൈപ്പിൽനിന്ന് തുടർച്ചയായി വെള്ളം ഒഴുകുന്നതിനാൽ സമീപത്തെ റോഡും പരിസരവും ചെളിക്കുണ്ടായി മാറി.
റോഡ് തകരുകയും ചെയ്തതോടെ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഇതുവഴിയുള്ള യാത്ര ദുരിതമായി.
വിഷയം ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റി അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
അധികൃതരുടെ അനാസ്ഥയ്ക്കെതിരേ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
പൈപ്പിലെ തകരാർ അടിയന്തരമായി പരിഹരിച്ച് ശുദ്ധജലത്തിന്റെ പാഴാകൽ തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.