കുരുങ്ങി...കുരുങ്ങി

ബെവറജസ് ഔട്ട്‌ലെറ്റുകൾക്ക് മതിയായ പാർക്കിങ് സൗകര്യമില്ല
കട്ടപ്പന : ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങൾ ഇല്ലാത്തതും മദ്യം വാങ്ങാനെത്തുന്നവർ തോന്നിയതുപോലെ വാഹനം പാർക്ക് ചെയ്യുന്നതും മൂലം വെട്ടിക്കുഴക്കവലയിലെ ബെവറജസ് ഔട്ട്‌ലെറ്റിന് സമീപം ഗതാഗതക്കുരുക്ക് പതിവാകുന്നു.
ഇരട്ടയാർ ഭാഗത്തുനിന്നും ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. എന്നാൽ, ബിവറേജസ് ഔട്ട്‌ലെറ്റിൽ എത്തുന്നവർക്കായി ആവശ്യത്തിന് പാർക്കിങ് സൗകര്യം ഇല്ലാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്.
രാവിലെയും വൈകീട്ടും റോഡിന് ഇരുവശവും ധാരാളം വാഹനങ്ങൾ നിർത്തിയിടാറുണ്ട്. ട്രാഫിക് പോലീസ് പെട്രോളിങ് കൃത്യമായി നടത്തി തടസ്സമുണ്ടാക്കുന്ന പാർക്കിങ് ഒഴിവാക്കാറുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ ഇവിടെ കടന്നുപോകാൻ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
സ്വകാര്യബസുകളും വലിയ വാഹനങ്ങളും എത്തുന്നതോടെ ഗതാഗത തടസ്സം പതിവാണ്. ആവശ്യത്തിന് പാർക്കിങ് സൗകര്യം ഒരുക്കുകയോ പാർക്കിങ് നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ ഗതാഗത തടസ്സം പരിഹരിക്കാനാകില്ല.
കൊച്ചറയിലും സമാനസ്ഥിതി
കൊച്ചറയിൽ പ്രവർത്തിക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിൽ ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മതിയായ സൗകര്യമില്ലാത്തത് പ്രദേശത്ത് ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും കാരണമാകുന്നു.
ഔട്ട്‌ലെറ്റിന് സമീപം പ്രത്യേക പാർക്കിങ് സൗകര്യമില്ലാത്തതിനാൽ റോഡരികിലും സമീപത്തെ ഇടവഴികളിലുമാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ഔട്ട്‌ലെറ്റിലെത്തുന്നവരുടെ എണ്ണം വർധിക്കുന്ന സമയങ്ങളിൽ റോഡിൽ വാഹനങ്ങൾ കൂട്ടത്തോടെ നിർത്തിയിടും. ഇത് ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു.
കാൽനടയാത്രക്കാരും ഇതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ്. റോഡരികിലെ വാഹനനിര അപകടസാധ്യതയും വർധിപ്പിക്കുന്നുണ്ട്.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ റോഡിലേക്കും പൊതുഗതാഗതത്തിനും തടസ്സമാകുന്ന രീതിയിലും വാഹനങ്ങൾ നിർത്തിയിടേണ്ട സാഹചര്യം ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ഔട്ട്‌ലെറ്റിന് ബാധകമായ ലൈസൻസ് വ്യവസ്ഥകളും കെട്ടിടനിർമാണ ചട്ടങ്ങളും പാർക്കിങ് സൗകര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ബന്ധപ്പെട്ട അധികൃതർ പരിശോധിക്കണമെന്നാണ് ആവശ്യം. പാർക്കിങ് സൗകര്യമൊരുക്കാൻ കഴിയാത്ത നിലവിലെ സ്ഥലത്ത് ഔട്ട്‌ലെറ്റ് പ്രവർത്തിപ്പിക്കുന്നത് തുടരുന്നതിനുപകരം, ആവശ്യമായ സൗകര്യങ്ങളുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബെവ്‌കോ അധികൃതരും തദ്ദേശ സ്ഥാപനവും അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.