കുട്ടികളെ 'മടിയന്മാർ' എന്ന് മുദ്രകുത്തുംമുമ്പ് കാരണമറിയണം, പഠനവൈകല്യം തിരിച്ചറിയൽ പ്രധാനം

സെപ്റ്റംബർ 5, രാജ്യമെമ്പാടും അധ്യാപകദിനം ആഘോഷിക്കുമ്പോൾ നാം ഓർക്കേണ്ടത് അധ്യാപനമെന്നത് കേവലം പാഠപുസ്തകങ്ങൾ വായിച്ചുതീർക്കുന്ന ഒന്ന് മാത്രമല്ല, മറിച്ച് തലമുറകളുടെ ഭാവി രൂപപ്പെടുത്തുന്ന വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്നുള്ളതാണ്. ക്ലാസ് മുറിയിലെ എല്ലാ കുട്ടികളും ഒരേ വേഗതയിലോ ഒരേ രീതിയിലോ ആയിരിക്കില്ല കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. വ്യത്യസ്ത കഴിവുകളും സ്വഭാവങ്ങളും രീതികളുമുള്ള നിരവധി വിദ്യാർത്ഥികൾ ഒരുമിച്ച് ഇരിക്കുന്ന ഇടത്തെ ഒന്നായി കൊണ്ടുപോകുന്ന വലിയ ചുമതലയാണ് ഓരോ അധ്യാപകർക്കും. അവിടെ പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികളെ 'വികൃതികൾ' എന്നോ 'മടിയന്മാർ' എന്നോ മുദ്രകുത്തി മാറ്റിനിർത്തുന്ന രീതി നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്തെല്ലാമായിരിക്കാമെന്ന് കൃത്യമായി മനസിലാക്കേണ്ടതും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് എല്ലാ അധ്യാപകരും സ്പെഷ്യൽ എജ്യുക്കേഷനിൽ പരിശീലനം നേടേണ്ടതിന്റെയും കുട്ടികളിലെ പഠനവൈകല്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയേണ്ടതിന്റെയും ആവശ്യകത വർധിക്കുന്നത്.
പഠനവൈകല്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം
ഡിസ്‌ലെക്സിയ (വായനയിലുള്ള ബുദ്ധിമുട്ട്), ഡിസ്‌ഗ്രാഫിയ (എഴുത്തിലുള്ള ബുദ്ധിമുട്ട്), ഡിസ്‌കാൽക്കുലിയ (ഗണിത ആശയങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്) തുടങ്ങിയവ കുട്ടികളുടെ ബുദ്ധിശക്തിയുടെ കുറവല്ല, മറിച്ച് തലച്ചോറ് വിവരങ്ങൾ വിശകലനം ചെയ്യുന്നതിലെ വ്യത്യസ്തത മാത്രമാണ്. ഇത്തരം ബുദ്ധിമുട്ടുകൾ ചെറുപ്പത്തിൽ തന്നെ തിരിച്ചറിയാൻ സാധിച്ചാൽ, അനുയോജ്യമായ പഠനരീതികളിലൂടെ കുട്ടികളെ മികച്ച രീതിയിൽ മുന്നേറാൻ സഹായിക്കും.
വൈകല്യങ്ങൾ തിരിച്ചറിയാൻ വൈകുന്തോറും കുട്ടികളിൽ ആത്മവിശ്വാസക്കുറവ്, വിഷാദം, പഠനത്തോടുള്ള ഭയം എന്നിവ വളരുകയും അവർ സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാനസികമായി ഒറ്റപ്പെടുകയും ചെയ്യും. കുട്ടിയുടെ കുറവുകൾ മാത്രം കണ്ടെത്തുന്നതിന് പകരം "കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയും?" എന്ന ചോദ്യത്തിൽ നിന്ന് തുടങ്ങണം. ഓരോ കുട്ടിയുടെയും കഴിവുകളും താൽപര്യങ്ങളും ശക്തികളും തിരിച്ചറിഞ്ഞ് അതിന്റെ അടിസ്ഥാനത്തിൽ പഠനം രൂപപ്പെടുത്തണം. ഉദാഹരണത്തിന് കലാപരമായോ കായികപരമായോ കഴിവുകൾ ഉണ്ടെങ്കിൽ അതിൽ കൂടുതൽ പ്രോത്സാഹനം നൽകുന്നത് ഏറെ ഗുണം ചെയ്യും.
എന്തുകൊണ്ട് എല്ലാ അധ്യാപകരും സ്പെഷ്യൽ എജ്യുക്കേഷനിൽ അറിവുള്ളവരായിരിക്കണം?
നിലവിൽ ഭൂരിഭാഗം സ്കൂളുകളിലും സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ സേവനം പരിമിതമാണ്. എന്നാൽ, എല്ലാ ജനറൽ അധ്യാപകർക്കും സ്പെഷ്യൽ എജ്യുക്കേഷന്റെ അടിസ്ഥാന തത്വങ്ങളിലും രീതികളിലും പരിശീലനം ലഭിച്ചാൽ അത് വിദ്യാഭ്യാസ രംഗത്ത് വലിയൊരു വിപ്ലവത്തിന് വഴിവെക്കും:
നേരത്തെയുള്ള ഇടപെടൽ: ദിവസവും കുട്ടികളുമായി ഇടപഴകുന്ന ക്ലാസ് അധ്യാപകർക്ക് ഒരു കുട്ടിയുടെ പഠനരീതിയിലെ വ്യത്യാസങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും ആവശ്യമായ പിന്തുണ നൽകാനും സാധിക്കും.
വ്യക്തിഗത പഠനരീതികൾ: ഓരോ കുട്ടിയുടെയും കഴിവുകൾക്കും പരിമിതികൾക്കും അനുയോജ്യമായ രീതിയിൽ പാഠഭാഗങ്ങൾ ക്രമീകരിക്കാൻ അധ്യാപകർക്ക് സാധിക്കും.
പൂർണമായ ഉൾക്കൊള്ളൽ (ഇൻക്ലൂസിവ് എജ്യുക്കേഷൻ): പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സാധാരണ ക്ലാസ് മുറികളിൽ നിന്ന് മാറ്റിനിർത്താതെ, മറ്റുള്ളവരോടൊപ്പം ചേർത്ത് നിർത്തി പഠിപ്പിക്കാൻ ഇത് സഹായിക്കും.
സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം: അത്യന്താപേക്ഷിതമായ മാറ്റം
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ കാതലായ മാറ്റം വരേണ്ടതുണ്ട്. അനുഭാവത്തേക്കാൾ ഉപരി സമത്വവും സമാനുഭാവവുമാണ് അവർക്ക് ആവശ്യമെന്ന് സമൂഹം മനസ്സിലാക്കണം.
സ്കൂളുകൾ ഇത്തരം മാറ്റങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണ്. സ്പെഷ്യൽ എജ്യുക്കേഷൻ പരിശീലനം ലഭിച്ച അധ്യാപകർക്ക് ക്ലാസ് മുറികളിൽ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും. ഇത് മറ്റ് കുട്ടികളിലും സഹാനുഭൂതിയും ഉൾക്കൊള്ളൽ മനോഭാവവും വളർത്തും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സമൂഹത്തിന് ഭാരമല്ല, മറിച്ച് അനുയോജ്യമായ പിന്തുണ ലഭിച്ചാൽ സമൂഹത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണെന്ന ബോധ്യം ഇതിലൂടെ വളർന്നുവരും.
ഒരു വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും വിജയം അളക്കേണ്ടത് ഏറ്റവും മിടുക്കരായ കുട്ടികളുടെ പ്രകടനത്തിലൂടെ മാത്രമല്ല, മറിച്ച് ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള കുട്ടികളെ നാം എങ്ങനെ ചേർത്തുവെക്കുന്നു എന്നതിലൂടെ കൂടിയാണ്. ഇത്തവണത്തെ അധ്യാപകദിനത്തിൽ, എല്ലാ കുട്ടികൾക്കും തുല്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ നമ്മുടെ അധ്യാപകസമൂഹത്തെ സ്പെഷ്യൽ എജ്യുക്കേഷൻ മികവുകളോടെ സജ്ജമാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. മാറ്റം ക്ലാസ് മുറികളിൽ നിന്ന് ആരംഭിക്കാം
കൊച്ചിയിൽ പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകനാണ് ലേഖകൻ.
Content Highlights: Special education training equips teachers to recognize learning differences, tailor lessons, and foster inclusive classrooms for students with diverse abilities.