പാചകത്തിന് മാത്രമല്ല രോഗം മാറ്റാനും ഇവയ്ക്ക് കഴിയും- അറിയാം ഈ ടിപ്‌സുകള്‍

മഞ്ഞളും ചുക്കും മല്ലിയുമൊക്കെ അടുക്കളയിലെ സ്ഥിരസാന്നിധ്യങ്ങളാണ്. ആരോഗ്യപരിപാലനത്തിന് ഇവ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്ന് അറിയാം.
മഞ്ഞള്‍
- ഒരു ടീസ്പൂണ്‍ നെല്ലിക്ക നീരില്‍ ആവശ്യത്തിന് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസവും കഴിക്കുന്നത് പ്രമേഹവും അനുബന്ധ രോഗങ്ങളും നിയന്ത്രിക്കുന്നതിന് സഹായകമാണ്.
- മഞ്ഞള്‍പ്പൊടി അല്പം നീരില്‍ അരച്ച് കുറച്ച് ഇന്തുപ്പും ചേര്‍ത്ത് ചൂടാക്കി ലേപനം ചെയ്യുക. സന്ധിവീക്കത്തിന് ശമനം കിട്ടും.
- തൊണ്ട ചൊറിച്ചിലും തൊണ്ടവേദനയും മാറാന്‍, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് കുരുമുളകുപൊടിയും തേനും ചേര്‍ത്ത് ദിവസവും കഴിക്കുക. തേനിന് പകരം പാലില്‍ തിളപ്പിച്ച് കുടിക്കുകയും ചെയ്യാം. മഞ്ഞള്‍പ്പൊടിയും ഉപ്പും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായില്‍ പിടിക്കുന്നതും ഗുണം ചെയ്യും.
- തുളസി ഇലയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നത് ത്വഗ്രോഗങ്ങള്‍ മാറുന്നതിന് ഉപകരിക്കും.
- മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, കറ്റാര്‍വാഴ, തേന്‍ എന്നിവ സമയം ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുക. മുഖസൗന്ദര്യത്തിന് ഉത്തമമാണ്.
ചുക്ക്
- അഞ്ച് ഗ്രാം ചുക്ക് മൂന്നുഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി അതില്‍ കല്‍ക്കണ്ടം പൊടിച്ചുചേര്‍ത്ത് ദിവസവും രണ്ടുനേരം കുടിക്കുന്നത് ചുമയ്ക്ക് ശമനം നല്‍കും. ചുക്കും ജീരകവും പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും ചുമയ്ക്ക് ഔഷധമാണ്.
- വയറുവേദന മാറാന്‍ ചുക്ക് ചുട്ടെടുത്ത് പൊടിയാക്കി തേനില്‍ ചാലിച്ച് ദിവസവും കഴിക്കുക.
- ചക്കപ്പഴം, മാമ്പഴം എന്നിവ അധികമായി കഴിച്ച് വയറുവേദന ഉണ്ടായാല്‍, ചുക്കുപൊടി ചെറുചൂടുവെള്ളത്തിലോ തേനിലോ കഴിക്കുക.
- ഒരു ടീസ്പൂണ്‍ നെയ്യ് ചൂടാക്കി അതില്‍ ആവശ്യത്തിന് ചുക്കുപൊടി ചേര്‍ത്ത് ദിവസവും അതിരാവിലെ കഴിക്കുക. തുമ്മലിന് ശമനം കിട്ടും.
- ചുക്കും ചന്ദനവും ചേര്‍ത്തരച്ച് നെറ്റിയില്‍ പുരട്ടുന്നത് പിത്തത്തിന്റെ ആധിക്യത്തോടുകൂടിയ തലവേദന മാറുന്നതിന് ഫലപ്രദമാണ്.
മല്ലി
- തലേദിവസം വൈകുന്നേരം മല്ലി ചതച്ച് വെള്ളത്തില്‍ ഇട്ടുവെക്കുക. അടുത്ത ദിവസം രാവിലെ വെള്ളം അരിച്ചെടുത്ത് കല്‍ക്കണ്ടം ചേര്‍ത്ത് പലപ്രാവശ്യമായി കുടിക്കുക. അമിത ദാഹത്തിന് ഫലപ്രദമാണ്.
- മല്ലി അരിക്കാടി വെള്ളത്തില്‍ അരച്ച് കല്‍ക്കണ്ടപ്പൊടി ചേര്‍ത്ത് കൊടുക്കുക. കുട്ടികള്‍ക്കുണ്ടാകുന്ന ചുമയ്ക്ക് ഔഷധമാണ്.
- മല്ലി നല്ലതുപോലെ അരച്ച് വായില്‍ പുരട്ടുകയും കവിള്‍ കൊള്ളുകയും ചെയ്യുന്നത് വായ്പ്പുണ്ണിന് ഔഷധമാണ്. മോണപ്പഴുപ്പിനും ഇത് ഉപയോഗിക്കാം.
- മല്ലി നല്ലതുപോലെ പൊടിയാക്കി മുറിവെണ്ണയില്‍ ചാലിച്ച് ചൂടാക്കിയ ശേഷം സന്ധിവീക്കമുള്ള ഭാഗങ്ങളില്‍ പുരട്ടുക. ആശ്വാസം ലഭിക്കും.
(തൃശ്ശൂര്‍ ഔഷധി പഞ്ചകര്‍മ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)
Content Highlights: Turmeric, Dry Ginger, Coriander as medicine, Health, Health Tips
Content Highlights: