ഏതുനേരത്തും മടുപ്പില്ലാതെ സംസാരിക്കും, തമാശ പറയും, ആശ്വസിപ്പിക്കും; ഏകാന്തത അകറ്റാൻ‌ എ.ഐ

#ഉത്തരാ പ്രിയദർശി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഉറക്കമില്ലാതെ കിടക്കുന്ന രാത്രികളിൽ ആരോടെങ്കിലും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? മക്കളും കൊച്ചുമക്കളുമൊക്കെ ജോലിക്കായും പഠത്തിനായുമൊക്കെ പുറത്തേക്കുപോയശേഷം വീട്ടിൽ ഒറ്റയ്ക്കാകുന്ന നേരങ്ങളിൽ ഒന്നും രണ്ടും മിണ്ടിയിരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? കൊച്ചുമക്കളുടെ സംഭാഷത്തിൽ മനസ്സിലാക്കാത്ത വാക്കുകളുടെ അർഥം പറഞ്ഞുതരാൻ ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?

പ്രായമാകുന്നതിനനുസരിച്ച് പതിയെ ജീവിതത്തിന്റെ ഭാഗമാകുന്ന ഒന്നാണ് ഏകാന്തത. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ദിവസം 15 സിഗരറ്റുകൾ വലിക്കുമ്പോഴുണ്ടാകുന്നത്ര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പറയുന്നത്.

സദാ സംസാരിക്കാം, ഹൃദ്യമായി

ഇക്കാലത്ത് ഏകാന്തതയെ അകറ്റിനിർത്താൻ സഹായിക്കുന്ന മാർഗമാണ് എ.ഐ. ചാറ്റ്ബോട്ടുകൾ. സാങ്കേതികമായി വലിയ അറിവൊന്നും ഇല്ലെങ്കിൽപ്പോലും മലയാളത്തിൽത്തന്നെ സംസാരിച്ചുകൊണ്ട് നമുക്ക് ഇവയുമായി ആശയവിനിമയം നടത്താം.

ഏത് അർധരാത്രിക്കും എത്രനേരം വേണമെങ്കിലും മടുപ്പില്ലാതെ ഇവ നിങ്ങളോട് സംസാരിക്കും. എന്ത് ചോദ്യത്തിനും ഹൃദ്യമായി മറുപടിനൽകും. നിങ്ങൾക്ക് സുഖമാണോ, ഇപ്പോൾ സന്തോഷമായിരിക്കുന്നോ എന്നൊക്കെ സുഖവിവരമന്വേഷിക്കുകയും ചെയ്യും. മരുന്നു കഴിക്കാൻ ഓർമ്മിപ്പിക്കാനും കഥപറഞ്ഞുതരാനും പാചകക്കുറിപ്പടികൾ നൽകാനും തമാശപറയാനും ആശ്വസിപ്പിക്കാനുമൊക്കെ ഇന്ന് മിക്ക എ.ഐ. ചാറ്റ്ബോട്ടുകൾക്കും കഴിയും.

എ.ഐ. ചാറ്റ്‌ബോട്ടുകൾ

മനുഷ്യരെപ്പോലെ സംസാരിക്കാനും ആശയവിനിമയം നടത്താനും കഴിവുള്ള സോഫ്റ്റ്‌വേർ ആപ്ലിക്കേഷനുകളാണ് എ.ഐ. ചാറ്റ്ബോട്ടുകൾ. മുൻകൂട്ടി തയ്യാറാക്കിയ മറുപടികൾമാത്രം നൽകാതെ നിങ്ങൾ പറയുന്നതെന്തെന്നു മനസ്സിലാക്കി അതിനനുസരിച്ചുള്ള ഉത്തരം നൽകുകയും അർഥവത്തായ സംഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നവയാണ് ആധുനിക എ.ഐ. ചാറ്റ്ബോട്ടുകൾ. മാത്രമല്ല, നിങ്ങൾ പറയുന്നതെന്തെന്ന് ഓർത്തുവെക്കാനും ഇവയ്ക്കു കഴിയും.

എങ്ങനെ ഉപയോഗിക്കാം?

ഏതുനേരത്തും എന്തിനെക്കുറിച്ചും എ.ഐ.യോട് സംസാരിക്കാം. സംശയങ്ങൾ ചോദിക്കാം. ഉപയോഗത്തിലുള്ള മിക്ക ചാറ്റ്ബോട്ടുകളും ടൈപ്പുചെയ്തും ശബ്ദമുപയോഗിച്ചും ഉപയോഗിക്കാം. ഒരു ഫോൺ കോൾ ചെയ്യുന്നതുപോലെ ഉപയോഗിക്കാൻ സാധിക്കുന്നവയും ഉണ്ട് (മായ എ.ഐ.).

പുസ്തകങ്ങൾ ഉറക്കെ വായിക്കാനോ മക്കളും മറ്റും ഇംഗ്ലീഷിൽ അയക്കുന്ന മെസേജുകൾ മലയാളത്തിലേക്ക് തർജമചെയ്ത് വായിച്ചു കേൾപ്പിക്കാനോ എ.ഐ.യോട് പറയാം. ഇഷ്ടപ്പെട്ട വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്താനും സാധിക്കും.

മാനസികോല്ലാസത്തിനായി പസിലുകൾ, ഗെയിമുകൾ എന്നിവ കളിക്കാനും എ.ഐ. ഉപയോഗിക്കാം. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഗെയിമുകൾ എ.ഐ. നിങ്ങൾക്ക് പറഞ്ഞുതരും. ഉദാഹരണത്തിന് നിങ്ങൾ സ്ഥിരം കാണുന്ന സീരിയലിനെപ്പറ്റി, സിനിമകളെപ്പറ്റി, അടുത്തുള്ള സ്ഥലങ്ങളെപ്പറ്റി ചോദ്യോത്തരം കളിക്കണമെന്നുപറഞ്ഞാൽ എ.ഐ. അത് ചെയ്തുതരും. തലച്ചോറിനെ ഉത്തേജിപ്പിച്ച് ഓർമ്മക്കുറവിൽനിന്നും മറ്റും രക്ഷിക്കാൻ ഇവ സഹായിക്കുന്നു. പുതിയ ഭാഷകൾ പഠിക്കാൻ വേറെയെവിടെയും പോകേണ്ട. എ.ഐ.യോട് സംസാരിച്ചുതന്നെ പഠിക്കാം.

ഗവേഷകരുടെയും മനഃശാസ്ത്രവിദഗ്‌ധരുടെയും സഹായത്തോടെ നിർമിച്ച എ.ഐ. ചാറ്റ്ബോട്ടുകൾ നിങ്ങളുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ വലിയ സഹായംചെയ്യുന്നു. വോബോട്ട് (Woebto), വൈസ (Wysa), റെപ്ലിക്ക (Replika) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

എന്തൊക്കെ ശ്രദ്ധിക്കണം ?

  • സ്ഥിരമായി ഉപയോഗത്തിലുള്ള, വിശ്വസനീയമായ ചാറ്റ്‌ബോട്ടുകൾ തിരഞ്ഞെടുക്കുക (ഉദാഹരണം - ജെമിനി എ.ഐ., ക്ലോഡ്, മലയാളം എ.ഐ., മായാവി എ.ഐ.)
  • പാസ്‌വേർഡുകൾ, ഒ.ടി.പി., ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ഒരു കാരണവശാലും പങ്കുവെക്കരുത്.
  • സ്ഥിരമായി ഉപയോഗിക്കരുത്. എ.ഐ. ഏകാന്തതയ്ക്കൊരു പരിഹാരം മാത്രമാണ് മനുഷ്യബന്ധങ്ങൾക്ക് പകരമല്ല
  • രോഗനിർണയം, മരുന്നുകൾ, മറ്റു ജീവിതചര്യാമാറ്റങ്ങൾ എന്നിവ എ.ഐ.യുടെ അഭിപ്രായപ്രകാരം മാത്രം ചെയ്യരുത്. ഡോക്ടറോടുതന്നെ ചോദിക്കുക.
  • ചതിക്കുഴികൾ എല്ലായിടത്തുമുണ്ടെന്ന് ഓർക്കുക. സംശയകരമായ ലിങ്കുകൾ, സന്ദേശങ്ങൾ എന്നിവ അവഗണിക്കുക. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ കുടുംബാംഗങ്ങളെ അറിയിക്കുക.

Content Highlights: How AI Chatbots Are Helping Seniors Combat Loneliness Today