ഏകാന്തതയും മാനസിക സംഘർഷവും; വൈധവ്യം നേരിടുന്ന വയോജനങ്ങൾക്ക് കരുതലാകണം

സമൂഹത്തിലെ ഏറ്റവും ശ്രദ്ധയും സംരക്ഷണവും അർഹിക്കുന്ന വിഭാഗങ്ങളിലൊന്നാണ് വൈധവ്യം നേരിടുന്ന വയോജനങ്ങൾ. പ്രായാധിക്യവും പങ്കാളിയുടെ മരണവും ഒരുമിച്ചു വന്നാൽ, അത് അവരെ ആകെ തളർത്തും. സാമൂഹികവും സാമ്പത്തികവും ശാരീരികവും മാനസികവുമായ സുരക്ഷയെപ്പറ്റി അവർ വ്യാകുലപ്പെടുന്നുണ്ടാകാം.
പ്രായമേറുന്തോറും വിധവകൾ നേരിടുന്ന പ്രതിസന്ധി സാമ്പത്തിക അരക്ഷിതത്വമാണ്. ജോലിയില്ലാത്ത സ്ത്രീയാണെങ്കിൽ ഭർത്താവിന്റെ മരണത്തോടെ വരുമാനം കുറയുകയും സ്വത്ത്, പെൻഷൻ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യാം. സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നത് അവരുടെ സ്വാതന്ത്ര്യത്തെയും ബാധിക്കും. ഒറ്റയ്ക്കു താമസിക്കുന്ന വിധവകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭിക്കാത്തതും പ്രധാന ആശങ്കയാണ്.
ഏകാന്തതയും മാനസികസംഘർഷവും
ഏകാന്തതയും മാനസികസംഘർഷങ്ങളും മറ്റൊരു പ്രധാന പ്രശ്നമാണ്. മക്കൾ ജോലി സംബന്ധമായോ കുടുംബപരമായോ കാരണങ്ങളാൽ അകലെ താമസിക്കുന്ന സാഹചര്യത്തിൽ ഒറ്റപ്പെടലുണ്ടാകാം. ദീർഘകാല ഏകാന്തത മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
ഓൺലൈൻ ബാങ്കിങ്, ഡിജിറ്റൽ അപേക്ഷകൾ, ടെലിമെഡിസിൻ തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കാൻ അവർക്ക് പരാശ്രയം ആവശ്യമായിവരും. ഇവയ്ക്ക് പരിഹാരം കാണാൻ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഇടപെടൽ ആവശ്യമാണ്.
നിയമപരിരക്ഷ ഉറപ്പാക്കണം
വിധവകൾക്ക് പങ്കാളിയുടെ സ്വത്തിലും കുടുംബസ്വത്തിലും നിയമപരമായ അവകാശങ്ങൾ ഉണ്ടായിരിക്കാമെങ്കിലും അവകാശത്തെക്കുറിച്ചുള്ള അറിവില്ലായ്മയും സാമൂഹിക സമ്മർദവും പ്രായോഗിക തടസ്സങ്ങളും കാരണം അവ പ്രയോജനപ്പെടുത്താൻ കഴിയാതെ വന്നേക്കാം. സ്വത്ത് കൈമാറ്റം, രേഖകൾ, ബാങ്ക് അക്കൗണ്ടുകൾ, അവകാശപത്രം തുടങ്ങിയ കാര്യങ്ങളിൽ അറിവില്ലാത്ത വയോജനങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ സഹായം അനിവാര്യമാണ്. അതിനാൽ നിയമപരമായ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും സൗജന്യ നിയമസഹായവും ഇവർക്ക് ലഭിക്കേണ്ടതുണ്ട്.
സാമൂഹിക സുരക്ഷാ പദ്ധതികൾ ലളിതമാക്കുകയും അർഹരായവർക്ക് അവ എളുപ്പത്തിൽ ലഭ്യമാക്കുകയും വേണം. വയോജനാരോഗ്യപരിചരണം, ഗൃഹാധിഷ്ഠിത പരിചരണം, മാനസികാരോഗ്യ സേവനങ്ങൾ, നിയമസഹായം എന്നിവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രാഥമിക ആരോഗ്യപരിചരണവും മാനസികാരോഗ്യ പിന്തുണയും ശക്തിപ്പെടുത്തുക, നിയമ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുക, വയോജന സൗഹൃദപദ്ധതികൾ വികസിപ്പിക്കുക എന്നിവയും പ്രധാന നടപടികളാണ്.
- വിവരങ്ങൾക്ക് കടപ്പാട്:
ഷാഹിന ഇബ്രാഹിം,
കൗൺസിലിങ് സൈക്കോളജിസ്റ്റ്,
കോട്ടയം
Content Highlights: Addresses the physical, financial, and emotional challenges faced by elderly widows., Highlights the severe impact of loneliness and mental stress on aging women., Emphasizes the need for legal awareness, property rights, and simplified social security schemes